അംഗത്വം പുതുക്കല്‍ അപേക്ഷ തള്ളി: ഈരാറ്റുപേട്ട നഗരസഭ ചെയര്മാന് സി.പി.എമ്മില്‍ നിന്നു പുറത്ത്
ഈരാറ്റുപേട്ട : അംഗത്വം പുതുക്കാന്‍ സി.പി.എം വിസമ്മതിച്ചതോടെ ഈരാറ്റുപേട്ട നഗരസഭാധ്യക്ഷന്‍ ടി.എം റഷീദ് പാര്‍ട്ടിയില്‍നിന്നു പുറത്ത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും എസ്.ഡി.പി.ഐയുമായി വഴിവിട്ടു സഹകരിച്ചെന്നുമുള്ള പരാതികള്‍ പരിഗണിച്ച് നേരത്തേ പാര്‍ട്ടിയില്‍നിന്നു റഷീദിനെ പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.
എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഇതു നടന്നില്ല. ഇതിനിടെയാണ് പാര്‍ട്ടി അംഗത്വം പുതുക്കല്‍ നടപടികള്‍ നടന്നത്.
മറ്റക്കാട് ബ്രാഞ്ചില്‍ നിന്ന് അംഗത്വം പുതുക്കാനായി ടി.എം റഷീദ് നല്‍കിയിരുന്ന അപേക്ഷ വെള്ളിയാഴ്ച ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി തിരസ്കരിക്കുകയായിരുന്നു. ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും നടപടിയോടു യോജിച്ചതോടെ ടി.എം റഷീദ് പാര്‍ട്ടി അംഗമല്ലാതായി. എന്നാല്‍ നഗരസഭാ അധ്യക്ഷസ്ഥാനം ഒഴിയില്ലെന്നു റഷീദ് പറഞ്ഞു.
സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ടി.എം റഷീദിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയിരുന്നു.
പിന്നീടു പല തവണ പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിനു നടപടികള്‍ക്കു ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. സി.പി.എം അംഗങ്ങള്‍ക്കു നല്‍കുന്നതിലും പരിഗണന എസ്.ഡി.പി.ഐ അംഗങ്ങള്‍ക്കു നഗരസഭാധ്യക്ഷന്‍ നല്‍കുന്നുവെന്നതായിരുന്നു പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള പ്രധാന ആരോപണം.
എന്നാല്‍ താനിപ്പോഴും ബ്രാഞ്ച് കമ്മിറ്റിയംഗമാണെന്നും മറ്റു പ്രചാരണങ്ങളെപ്പറ്റി തനിക്കറിവില്ലെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം. ജനങ്ങളോടാണു തനിക്ക് ഉത്തരവാദിത്തം.
നഗരസഭയെ നയിച്ചു കൊണ്ടുപോകുന്നതും പാര്‍ട്ടി അംഗത്വവുമായി ബന്ധമില്ലെന്നും റഷീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."