അന്താരാഷ്ട്ര എനര്‍ജി ഉച്ചകോടിയില്‍ മലയാളി സാന്നിധ്യവും
റിയാദ്: ന്യൂഡല്‍ഹിയില്‍ ഇന്ന് തുടങ്ങുന്ന അന്താരാഷ്ട്ര എനര്‍ജി ഫോറത്തിന്റെ 16-ാമത് ഉച്ചകോടിയില്‍ മലയാളി സാന്നിധ്യമായി മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശി ഇബ്രാഹിം സുബ്ഹാനുമുണ്ടാകും. മൂന്നാം തവണയാണ് ഇദ്ദേഹം അന്താരാഷ്ട്ര എനര്‍ജി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. റിയാദ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര എനര്‍ജി ഫോറത്തിന്റെ ഏഴംഗ പ്രതിനിധികളില്‍ ഒരാളാണ് ഇബ്രാഹിം സുബ്ഹാന്.
ചൈനയും കൊറിയയും ഇന്ത്യയും സംയുക്തമായാണ് ഇത്തവണ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ആഗോള തലത്തിലെ ഊര്‍ജ പ്രതിസന്ധിയും മാറ്റങ്ങളും നയങ്ങളിലെ വ്യതിയാനങ്ങളും പുതിയ സാങ്കേതിക വളര്‍ച്ചയും ഏതു തരത്തിലാണ് ഊര്‍ജ വിപണി സ്ഥിരതയേയും മേഖലയിലെ മൂലധന നിക്ഷേപത്തെയും സ്വാധീനിക്കുക എന്നതാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്ന മുഖ്യവിഷയം.
77 രാജ്യങ്ങള്‍ അംഗമായ ഇന്റര്‍ നാഷനല്‍ എനര്‍ജി ഫോറത്തിന്റെ ആസ്ഥാനമന്ദിരം റിയാദിലാണ്. ഇവിടെ ഐ.ഇ.എഫ് ആസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇബ്രാഹിം സുബ്ഹാനും കൂടെയുണ്ട്. ഇന്റര്‍ നാഷനല്‍ എനര്‍ജി ഫോറത്തിലെ അംഗരാജ്യങ്ങളുടെ ഊര്‍ജ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഇദ്ദേഹം.
മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫിസറായിരുന്ന പരേതനായ ആര്.എം അബ്ദുല്‍ സുബ്ഹാന്റെയും ഖദീജയുടെയും മകനാണ് ഇബ്രാഹിം സുബ്ഹാന്. അന്താരാഷ്ട്ര വേദിയിയിലെ വൈറ്റ്കോളര്‍ ജോലിക്കിടയിലും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുഴുകുന്ന ഇദ്ദേഹം റിയാദ് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന പരേതനായ കെ. സാദിരിക്കോയയുടെ മകളും റിയാദ് ദല്ല ഹോസ്പിറ്റല്‍ മെഡിക്കല്‍ സെക്രട്ടറിയുമായ ഷാജിനയാണു ഭാര്യ. റിയാദ് ഡല്‍ഹി പബ്ലിക് സ്കൂളില്‍ പഠിക്കുന്ന അമല്‍ ഇബ്രാഹിം, മണിപ്പാല്‍ യൂനിവേസിറ്റിയില്‍ ബി.ബി.എ ബിസിനസിന് പഠിക്കുന്ന അവൈസ് ഇബ്രാഹിം എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."