കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ടീമിനത്തില്‍ ഇന്ത്യക്ക് കന്നി സ്വര്‍ണ നേട്ടം
ഗോള്‍ഡ് കോസ്റ്റ്: ടേബിള്‍ ടെന്നീസ് വനിതാ ടീം കഴിഞ്ഞ ദിവസം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടാടെ സ്വര്‍ണം നേടി ചരിത്രമെഴുതിയതിന് പിന്നാലെ ബാഡ്മിന്റണ്‍ മിക്‌സഡ് ടീമിനത്തിലും ഇന്ത്യയുടെ കന്നി സുവര്‍ണ നേട്ടം. സൈന നേഹ്‌വാളും കിഡംബി ശ്രീകാന്തും പി.വി സിന്ധുവും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയപ്പോള്‍ മലേഷ്യയുടെ വെല്ലുവിളി അതിജീവിച്ചാണ് ഇന്ത്യയുടെ നേട്ടം.
വനിതകള്‍ക്ക് പിന്നാലെ ടേബിള്‍ ടെന്നീസില്‍ പുരുഷ വിഭാഗം ടീമിന്റെ സുവര്‍ണ നേട്ടവും അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് നേട്ടമായി. ഒപ്പം ഷൂട്ടിങില്‍ ഇന്ത്യയുടെ ജിത്തു റായിയും സ്വര്‍ണം നേടിയതോടെ അഞ്ചാം ദിനത്തില്‍ മൂന്ന് സ്വര്‍ണവുമായി മൊത്തം സുവര്‍ണ നേട്ടം പത്തിലെത്തിച്ച് ഇന്ത്യ നാലാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറി. മൂന്ന് സ്വര്‍ണം രണ്ട് വീതം വെള്ളി വെങ്കലം മെഡലുകളുമായാണ് അഞ്ചാം ദിനം ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചത്.
മൊത്തം പത്ത് സ്വര്‍ണം നാല് വെള്ളി അഞ്ച് വെങ്കലം മഡലുകളായി ഇന്ത്യയുടെ സമ്പാദ്യം. 39 സ്വര്‍ണം 33 വെള്ളി 34 വെങ്കലം മെഡലുകളുമായി ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തും 22 സ്വര്‍ണം 25 വെള്ളി 16 വെങ്കലം മെഡലുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും. എട്ട് വീതം സ്വര്‍ണവുമായി ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഇടവേളയ്ക്ക് ശേഷം രണ്ടാം സുവര്‍ണ നേട്ടം
വനിതകള്‍ ചരിത്രമെഴുതി സ്വര്‍ണം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ടേബിള്‍ ടെന്നീസിലെ പുരുഷ ടീമിന്റെ സ്വര്‍ണ നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ പുരുഷ വിഭാഗം ടേബിള്‍ ടെന്നീസ് ടീമിനത്തില്‍ സ്വര്‍ണം നേടുന്നത്. 2006ലാണ് ആദ്യമായി ഈയിനത്തിലെ ഇന്ത്യയുടെ സുവര്‍ണ മുന്നേറ്റം. അന്ന് സിംഗപ്പൂരിനെ വീഴ്ത്തിയാണ് ഇന്ത്യ കന്നി സ്വര്‍ണത്തില്‍ മുത്തമിട്ടത്.
ഫൈനല്‍ പോരാട്ടത്തില്‍ നൈജീരിയയെ വീഴ്ത്തിയാണ് ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ആദ്യ രണ്ട് സിംഗിള്‍സ് പോരാട്ടങ്ങളില്‍ ഇന്ത്യക്കായി പരിചയസമ്പന്നനായ അചാന്ത ശരത് കമാലും സത്യന്‍ ഗനശേഖരനുമാണ് ഇറങ്ങിയത്. ഇരുവരും വിജയിച്ചതോടെ ഇന്ത്യ 2-0ത്തിന് ലീഡെടുത്തു. ശരത്- ബോഡെ അബിയോഡുനെ 4-11, 11-5, 11-4, 119 എന്ന സ്‌കോറിന് വീഴ്ത്തിയപ്പോള്‍ സത്യന്‍- സെഗുന്‍ ടൊരിയോളയെ 10-12, 11-3, 11-3, 11-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തുകയായിരുന്നു. പിന്നീട് ഹര്‍മീത് ദേശായിക്കൊപ്പം ചേര്‍ന്ന ഡബിള്‍സ് പോരാട്ടത്തിലും സത്യന്‍ ഇന്ത്യയെ വിജയിപ്പിച്ചതോടെയാണ് ഇന്ത്യ 3-0 എന്ന സ്‌കോറിന് മെഡലുറപ്പാക്കിയത്.
ഉന്നം പിഴയ്ക്കാതെ
ജിത്തു
ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ജിത്തു റായ് വിശ്വാസം കാത്തപ്പോള്‍ പുരുഷ വിഭാഗം പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യക്ക് സ്വര്‍ണം. ഇതേ ഇനത്തില്‍ മത്സരിച്ച ഓം മിതര്‍വല്‍ വെങ്കലവും വെടിവച്ചിട്ടതോടെ ഇന്ത്യക്ക് ഇരട്ട നേട്ടവും സ്വന്തമായി. ആസ്‌ത്രേലിയന്‍ താരം കെരി ബെല്ലിനാണ് വെള്ളി.
ഗ്ലാസ്‌ഗോയില്‍ അരങ്ങേറിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ജിത്തു ഇത്തവണ പത്ത് മീറ്ററിലാണ് സുവര്‍ണം നേട്ടം സ്വന്തമാക്കിയത്. യോഗ്യതാ പോരാട്ടത്തില്‍ അഞ്ചാമനായി ഫൈനലിലേക്ക് കടന്ന ജിത്തു കലാശപ്പോരില്‍ 235.1 പോയിന്റ് ഷൂട്ട് ചെയ്താണ് ഒന്നാമതെത്തിയത്. മിതര്‍വല്‍ 214.3 പോയിന്റുമായാണ് വെങ്കലം നേടിയത്.
വെള്ളിയും
വെങ്കലവും ഇന്ത്യക്ക്
വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളിയും വെങ്കലവും ഇന്ത്യ നേടി. കൗമാര താരം മെഹുലി ഘോഷ് വെള്ളി നേടിയപ്പോള്‍ അപൂര്‍വി ചന്ദേലയ്ക്കാണ് വെങ്കലം.
സിംഗപ്പൂര്‍ താരം മാര്‍ട്ടിന ലിന്‍ഡ്‌സെ വെലോസോയ്ക്കാണ് സ്വര്‍ണം. ഗ്ലാസ്‌ഗോയില്‍ ഈയിനത്തില്‍ സ്വര്‍ണം നേടിയ താരമാണ് അപൂര്‍വി. ഇവിടെ പക്ഷേ താരത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 247.2 പോയിന്റ് നേടിയാണ് മെഹുലി രണ്ടാം സ്ഥാനത്തെത്തിയത്. അപൂര്‍വി 225.3 പോയിന്റുകളാണ് വെടിവച്ചിട്ടത്.
വെള്ളിയുമായി പ്രദീപ്
ഗെയിംസിന്റെ ഒന്നാം ദിനം മുതല്‍ ഭാരോദ്വഹന താരങ്ങളുടെ മിന്നും പ്രകടനത്തില്‍ മെഡല്‍ കൊയ്ത്ത് തുടങ്ങിയ ഇന്ത്യ അഞ്ചാം ദിനത്തിലും അതിന് മാറ്റം വരുത്തിയില്ല. പുരുഷന്‍മാരുടെ 105 കിലോ വിഭാഗത്തില്‍ ഇന്ത്യക്കായി പ്രദീപ് സിങ് വെള്ളി സ്വന്തമാക്കി. 22കാരനായ താരം സ്‌നാച്ചില്‍ 152 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കി 200 കിലോയും ഉയര്‍ത്തി മൊത്തം 352 കിലോ ഭാരം തികച്ചാണ് വെള്ളി മെഡല്‍ നേടിയത്.
നയിച്ചത് സൈനയും ശ്രീകാന്തും
ബാഡ്മിന്റണ്‍ മിക്‌സഡ് ടീമിനത്തിലെ സുവര്‍ണ നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യ. ഫൈനല്‍ പോരാട്ടത്തില്‍ മലേഷ്യയെ 3-1നാണ് ഇന്ത്യന്‍ സംഘം വീഴ്ത്തിയത്. സൈന നേഹ്‌വാള്‍, കിഡംബി ശ്രീകാന്ത്, സാത്വിക് രാന്‍കിറെഡ്ഡി, അശ്വിനി പൊന്നപ്പ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കായി സുവര്‍ണ നേട്ടത്തിലെത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ മിക്‌സഡ് ബാഡ്മിന്റണ്‍ സ്വര്‍ണം കൂടിയാണിത്.
ഫൈനലില്‍ ആദ്യം അരങ്ങേറിയ മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സാത്വിക് സഖ്യമാണ് ഇന്ത്യക്കായി കളത്തിലിറങ്ങിയത്. ഇരുവരും ചേര്‍ന്ന് മലേഷ്യയുടെ പെങ് സൂന്‍ ചാന്‍, ലിയു യിങ് ഗോ സഖ്യത്തെ 21-14, 15-21, 21-15 എന്ന സ്‌കോറിന് വിജയിച്ച് ഇന്ത്യയെ 1-0ത്തിന് മുന്നിലെത്തിച്ചു. പിന്നാലെ ലോക രണ്ടാം നമ്പര്‍ പുരുഷ താരം ശ്രീകാന്ത് മലേഷ്യന്‍ സൂപ്പര്‍ താരം ലി ചോങ് വിയെ പരാജയപ്പെടുത്തി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. 21-7, 21-14 എന്ന സ്‌കോറിന് അനായാസ വിജയമാണ് ശ്രീകാന്ത് നേടിയത്. എന്നാല്‍ പുരുഷ ഡബിള്‍സില്‍ സാത്വിക്- ചിരാഗ് ഷെട്ടി സഖ്യം തോല്‍വി വഴങ്ങിയതോടെ മലേഷ്യ തിരിച്ചടിക്കാനുള്ള പ്രതീക്ഷയിലായി. തൊട്ടുപിന്നാലെ വനിതാ സിംഗിള്‍സില്‍ കളിക്കാനിറങ്ങിയ സൈന നേഹ്‌വാള്‍ സോനിയ ചിയയെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തി ഇന്ത്യയുടെ സ്വര്‍ണം ഉറപ്പാക്കുകയായിരുന്നു. സ്‌കോര്‍: 21-11, 19-21, 21-9. ശ്രീലങ്ക, പാകിസ്താന്‍, സ്‌കോട്‌ലന്‍ഡ്, മൗറീഷ്യസ്, സിംഗപ്പൂര്‍ ടീമുകളെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."