കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ തടസമെന്തെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രിംകോടതിയുടെ വിമര്‍ശം. ബോര്‍ഡ് രൂപീകരിക്കണമെന്ന ഉത്തരവ് പാലിക്കാന്‍ എന്താണ് തടസമെന്ന് സുപ്രിം കോടതി ചോദിച്ചു.
വിഷയത്തില്‍ കൗശലക്കാരനെപ്പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്. കാവേരി ബോര്‍ഡ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാരിന് അറിയാം. എന്നാലും ഒന്നും അറിയില്ലെന്ന വിധത്തിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനമെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. മാര്‍ച്ച് 31നു മുമ്പായി ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനു വീഴ്ചസംഭവിച്ചുവെന്നും ഇത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി തമിഴ്‌നാട് നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ വിമര്‍ശം.
കേസ് അടുത്തമാസം മൂന്നിനു വീണ്ടും പരിഗണിക്കും. അതിനു മുന്നോടിയായി ബോര്‍ഡ് രൂപീകരിക്കുന്നതുസംബന്ധിച്ച രൂപരേഖ സമര്‍പ്പിക്കണമെന്നും സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, അന്തര്‍സംസ്ഥാന നദീതര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ എല്ലാനദികളും കേന്ദ്രസര്‍ക്കാരിനു കീഴില്‍കൊണ്ടുവരണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി.
എല്ലാനദികളും തടാകങ്ങളും കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരാനാകില്ല. സംസ്ഥാനങ്ങള്‍ തമ്മില്‍ നദീതര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതു ശരിയാണ്. തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് അവയുടെ മേല്‍ അധികാരം നല്‍കുന്നത് പ്രായോഗികമല്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."