റേഡിയോ ജോക്കിയുടെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍; സൂത്രധാരനെന്നു പൊലിസ്
കിളിമാനൂര്‍ (തിരുവനന്തപുരം): റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ സ്വദേശി രാജേഷ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുണ്ടറ ചെറുമൂട് എല്‍.എസ് .നിലയത്തില്‍ സ്ഫടികം സ്വാതി സന്തോഷ് (23) ആണ് അറസ്റ്റിലായത്.
ഇതോടെ കേസില്‍ മൂന്നു പേര് അറസ്റ്റിലായി. സംഭവത്തിലെ പ്രധാന സൂത്രധാരന്മാരില് ഒരാളാണ് സ്വാതി സന്തോഷ് എന്ന് പൊലിസ് പറഞ്ഞു. കൊല്ലം ശക്തി കുളങ്ങര സനു (33), ഓച്ചിറ മേമന വലിയകുളങ്ങര എം.എ കോട്ടേജില്‍ യാസിന് (23) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായത്. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ എന്നയാളും പിടിയിലായെന്ന് വിവരമുണ്ടെങ്കിലും പൊലിസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
കേസിലെ മുഖ്യപ്രതികളായ സാത്താന് അപ്പുണ്ണിയെയും, അലിഭായി എന്ന അലിയെയും കൂട്ടിക്കൊണ്ടു വരുന്നതിനും കൊലപാതകത്തിന് മുന്‍പ് കൊല്ലപ്പെട്ട രാജേഷിന്റെ മടവൂരിലെ സ്റ്റുഡിയോയും പരിസരവും നിരീക്ഷണം നടത്തുന്നതിനും സഹായിച്ചത് സ്വാതി സന്തോഷ് ആണെന്ന് പൊലിസ് പറഞ്ഞു. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച വാളുകള്‍ തരപ്പെടുത്തിക്കൊടുത്തതും സംഭവത്തിന് ശേഷം പ്രതികളെ ബംഗളൂരുവില്‍ എത്തിച്ചതും ഇയാളാണ്. തുടര്‍ന്ന് നേരത്തെ അറസ്റ്റിലായ യാസിനൊപ്പം ചെന്നൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു. കുണ്ടറ, അഞ്ചാലുംമൂട് പൊലിസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ് .
അന്വേഷണത്തില്‍ മൂന്ന് പേരുടെ സംഘമാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ കൊലയില്‍ നേരിട്ട് പങ്കുള്ള അലിഭായ് എന്ന് വിളിക്കുന്ന സ്വാലിഹ് ബിന്‍ ജലാല്‍, ക്വട്ടേഷന്‍ നല്കിയെന്നു കരുതപ്പെടുന്ന പ്രവാസി മലയാളി അബ്ദുല്‍ സത്താര്‍ എന്നിവര്‍ വിദേശത്താണ്. അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒളിവിലുള്ള മറ്റൊരു പ്രധാന പ്രതി അപ്പുണ്ണിക്കായും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."