ദലിത് പീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കും: ആന്റണി
തിരുവനന്തപുരം: രാജ്യത്ത് ദലിത് സമൂഹം അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രവര്‍ത്തക സമതിയംഗം എ.കെ ആന്റണി. പാര്‍ട്ടി ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇന്ദിരാഭവനില്‍ നടന്ന ദലിത് ഐക്യദാര്‍ഢ്യ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ നിയമസംവിധാനം നിലനില്‍ക്കുമ്പോള്‍ തന്നെ രാജ്യത്ത് ദലിതര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഹീനമായ ജാതിചിന്ത നിലനില്‍ക്കുന്നതാണ് ഇതിനു കാരണം. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഇത്തരം അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി എടുത്തിരുന്നു. കേരളം പല കാര്യത്തിലും മോദിയെ അനുകരിക്കുകയാണ്. കേരളത്തില്‍ ഹര്‍ത്താല്‍ പുതുമയല്ല.
പലരും ഹര്‍ത്താല്‍ നടത്തുമ്പോള്‍ ദലിതര്‍ക്ക് അതു പാടില്ലെന്ന് പറയുന്നത് സര്‍ക്കാരിന്റെ ഏറ്റവും വലിയ ദലിത്‌വിരുദ്ധതയാണ്. ദലിത് ഐക്യവേദി നേതാവ് ഗീതാനന്ദനെ അറസ്റ്റ് ചെയ്തത് തരംതാണ നടപടിയാണെന്നും ആന്റണി അഭിപ്രായപ്പെട്ടു. രാജ്യത്ത് ദലിതര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെ അപലപിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ലെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ദലിത് ഐക്യവേദി നടത്തുന്ന ഹര്‍ത്താലിനെ സര്‍ക്കാരിനു പിന്തുണയ്ക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി മുന്‍പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം സുധീരന്‍, കെ. മുരളീധരന്‍ എം.എല്‍ എ, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എ.പി അനില്‍കുമാര്‍, എം. വിന്‍സന്റ്, കെ.എസ് ശബരീനാഥന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."