പൊട്ടിപ്പൊളിഞ്ഞ തെന്മല എര്‍ത്ത് ഡാം റോഡ്: വലയുന്നത് നാട്ടുകാരും സഞ്ചാരികളും
സ്വന്തം ലേഖകന്‍
തെന്മല: അപകട ഭീഷണി ഉയര്‍ത്തി തെന്മല എര്‍ത്ത് ഡാം സഞ്ചാരികളേയും നാട്ടുകാരേയും ദുരിതത്തിലാക്കുന്നു. ജില്ലയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഇത്.
ഡാമിലേക്കുള്ള പ്രധാന പാത പൊട്ടിപ്പൊളിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും അധികാരികള്‍ മൗനം തുടരുകയാണ്. കാല്‍നടയാത്രയ്ക്കു പോലും കഴിയാത്ത അവസ്ഥയാണ് ഇന്ന് തെന്മല ഡാം പാതയുടേത്.
അഞ്ചു വര്‍ഷം മുന്‍പ് അണക്കെട്ട് പുനരുദ്ധാരണ നവീകരണ പദ്ധതിയുടെ ഭാഗമായാണ് പാത മികച്ച സൗകര്യങ്ങളോടുകൂടി പുതുക്കിപ്പണിയാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാല്‍ നാളിതുവരെയും കുഴികളാല്‍ പാത നശിക്കുന്നുവെന്നതല്ലാതെ അധികൃതര്‍ തിരിഞ്ഞ് നോക്കിയതുപോലിമില്ല.
200 മീറ്ററോളം വരുന്ന പാതയുടെ ഇരു വശങ്ങളും തകര്‍ന്ന് തരിപ്പണമായി. തെന്മല അണക്കെട്ടിന്റെ റിസര്‍വോയറിന്റെ ഭാഗമായി നിര്‍മിച്ച എര്‍ത്ത് ഡാം പാത കല്ലട ജലസേചന പദ്ധതിയായ കല്ലട ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ(കെ.ഐ.പി) ഭാഗമാണ്.
നിലവില്‍ വേനലവധിയായതിനാല്‍ നിരവധി സഞ്ചാരികളാണ് ഡാമിലേക്കെത്തുന്നത്. ഡാം സുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഗേറ്റ് സ്ഥാപിച്ച് വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകകൂടി ചെയ്തതോടെ തകര്‍ന്ന കിടക്കുന്ന പാതയിലൂടെ കാല്‍നടയായി നടന്നു വേണം സഞ്ചാരികള്‍ എര്‍ത്ത് ഡാമിലേക്കും ബോട്ടിങ് കേന്ദ്രത്തിലേക്കും എത്തേണ്ടത്.
ജലസംഭരണിയുടെയും ചുറ്റുമുള്ള നിബിഡവനത്തിന്റെയും മനോഹാരിത ആസ്വാദിക്കാനാണ് ദിവസേനെ നൂറുകണക്കിന് സഞ്ചാരികള്‍ തെന്മലയിലേക്കെത്തുന്നത്. തിരുവനന്തപുരംചെങ്കോട്ട പാതയിലെ കുളത്തൂപ്പുഴയ്ക്കും തെന്മലയ്ക്കും മധ്യേയാണിത്.
എസ്റ്റിമേറ്റ് ചെയ്ത കരാര്‍ കാലാവധി മേയില്‍ അവസാനിക്കും. അതേ സമയം പഴയ എസ്റ്റിമേറ്റില്‍ ജോലി നടപ്പാക്കാനാവില്ലെന്ന് കരാറുകാരന്‍ അറിയിച്ചു. ഇതിനിടയില്‍ പണി നടത്തിയില്ലെങ്കില്‍ തുടര്‍ന്ന് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കെ.ഐ.പി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."