മക്കിമലയിലെ ഭൂമി; അന്വേഷണത്തിന് കലക്ടറുടെ നിര്‍ദേശം
കല്‍പ്പറ്റ: തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയിലെ മക്കിമലയില്‍ അനധികൃത കെട്ടിട നിര്‍മാണം നടത്തുന്നതായും റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതായും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് കലക്ടറുടെ നിര്‍ദേശം.
വിഷയത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ എസ്. സുഹാസ് മാനന്തവാടി തഹസില്‍ദാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. മക്കിമലയില്‍ 50 ഏക്കറോളം ഭൂമി മൂന്ന് സ്വകാര്യ കമ്പനികള്‍ അനധികൃതമായി സ്വന്തമാക്കിയെന്നാണ് റവന്യൂ വകുപ്പിന് ലഭിച്ച സൂചന. ഇത് സര്‍ക്കാര്‍ പതിച്ചുനല്‍കിയ മിച്ചഭൂമിയാണ്. ഇവിടെ നാലു റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് റിസോര്‍ട്ടുകളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. പട്ടയ വ്യവസ്ഥയുടെ ലംഘനം, നിര്‍മാണം സര്‍ക്കാര്‍ ഭൂമിയിലാണോ എന്ന കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. മക്കിമലയില്‍ സര്‍ക്കാര്‍ മിച്ചഭൂമി പതിച്ചുനല്‍കിയത് വ്യാപകമായി തരം മാറ്റം ചെയ്ത് വില്‍പന നടത്തിയിട്ടുണ്ടെന്ന സൂചനയുണ്ട്. ഈ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ കൈക്കൂലികേസില്‍ കുടുങ്ങുകയും ചെയ്തതോടെയാണ് മക്കിമല ഭൂവിഷയത്തില്‍ ജില്ലാ ഭരണകൂടം നടപടിക്കൊരുങ്ങുന്നത്. മിച്ചഭൂമിയായി പതിച്ചു നല്‍കിയ മക്കിമലയില്‍ റിസോര്‍ട്ട് കെട്ടിട നിര്‍മാണം അനുവദനീയമാണോ, കെട്ടിടം നിര്‍മിക്കാന്‍ ആരാണ് അനുമതി നല്‍കിയത്, ഏതുതരം ഭൂമിയിലാണ് റിസോര്‍ട്ട് നിര്‍മാണം നടക്കുന്നത് തുടങ്ങിയവ വ്യക്തമായി കണ്ടെത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."