വേനല്‍ കനത്തു; ജനം നെട്ടോട്ടത്തില്‍
സ്വന്തം ലേഖകന്‍
ആലപ്പുഴ : വേനല്‍ കനത്തതോടെ പ്രതിവിധികള്‍ തേടി ജനങ്ങള്‍ നെട്ടോട്ടത്തില്‍. മനുഷ്യരിലും കന്നുകാലികളിലുമാണ് സൂര്യാഘാതം കൂടുതലായി ഏല്‍ക്കുന്നത്. തൊഴില്‍തേടി തുറസ്സായ സ്ഥലങ്ങളില്‍ എത്തുന്നവര്‍ക്കും തീറ്റതേടി പുറത്തിറങ്ങുന്ന കന്നുകാലികള്‍ക്കുമാണ് സൂര്യാഘാതം ഏല്‍ക്കുന്നത്. ജോലി സമയം ക്രമീകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും കാര്‍ഷികമേഖലയായ കുട്ടനാട്ടിലും മറ്റും സമയക്രമീകരണങ്ങള്‍ അസാധ്യമാകുന്നു.
രാവിലെ തന്നെ പാടത്തിറങ്ങുന്ന തൊഴിലാളികള്‍ രാത്രികാലങ്ങളിലും ജോലിചെയ്യുന്ന കാഴ്ചകളാണിവിടെ. കാലാവസ്ഥ വ്യതിയാനം ഉണ്ടായാല്‍ വിളവെടുപ്പ് അസാധ്യമാകുമെന്നുള്ളതുകൊണ്ടാണ് രാത്രി കാലങ്ങളിലും കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. നിര്‍മ്മാണ മേഖലകളിലും തൊഴിലുറപ്പുമേഖലകളിലും സ്ഥിതി വിഭിന്നമല്ല. അതേ സമയം പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവരുടെ തൊഴില്‍ സമയം ക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയെങ്കിലും പാലിക്കപ്പെടുന്നില്ല. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നുവരെ വിശ്രമവേള ആയിരിക്കും.
രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനക്രമീകരിച്ചു. ശരീരത്തെ ക്ഷീണിപ്പിക്കുന്ന കാലമാണ് വേനല്‍ക്കാലമെന്ന് ആരോഗ്യ വിദ്ഗ്ധര്‍ വിലയിരുത്തുന്നു.ശരീരത്തിന്റെ ഊഷ്മാവ് 37ഡിഗ്രിയാണ്. രണ്ടോ മൂന്നോ ഡിഗ്രി ചൂട് ഉയര്‍ന്നാല്‍ ശരീരത്തിന് സഹിക്കാന്‍ സാധിക്കില്ല. നിര്‍ജ്ജലീകരണം, വിശപ്പുകുറയല്‍,ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മന്ദത വൃക്ക, കരള്‍,ഹൃദയം,തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ചൂടുകൂടുന്നതനുസരിച്ച് ജലത്തിന്റെ ഉപഭോഗവും വര്‍ദ്ധിക്കും. ശുദ്ധജലത്തിന്റെ ലഭ്യതയും കുറയും. മലിനജലം കുടിക്കാന്‍ നിര്‍ബന്ധിതരാകും ഇതോടെ ജലജന്യരോഗങ്ങളും പിടിപെടും. പെട്ടെന്നുണ്ടാകുന്നതും നീണ്ടുനില്‍ക്കുന്നതുമായ വയറിളക്കങ്ങള്‍, വയറുകടി, കോളറ, ടൈഫോയിഡ്, എലിപ്പനി തുടങ്ങിയവ വെള്ളത്തിലൂടെ പകരുന്ന ബാക്ടീരിയ രോഗങ്ങളാണ്. മിക്കഇടങ്ങളിലും സൂര്യഘാതം ഏല്‍ക്കാറുണ്ടങ്കിലും ഫലപ്രദമായ ചികിത്സകളോ, മുന്‍കരുതലുകളോയില്ല. ചൂട് വര്‍ധിച്ചതോടെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അധികൃതര്‍.കഠിനമായ വെയിലത്ത് ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. ശരീര താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുന്നതാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണം.
നേര്‍ത്ത വേഗത്തിലുള്ള നാഡി മിടിപ്പ്, പേശീ വേദന,ശക്തമായ തലവേദനയും തലകറക്കവും ,അബോധാവസ്ഥ, മാനസിക നിലയിലെ വ്യതിയാനം എന്നിവയാണ് ലക്ഷണങ്ങള്‍. സൂര്യാഘാതമേറ്റെന്ന് തോന്നിയാല്‍ ആദ്യം തന്നെ രോഗിയെ തണലത്തേക്ക് മാറ്റണം. രോഗിയെ വീശുകയും തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുകയും വേണം. പ്രായാധിക്യമുള്ളവരും കൊച്ചുകുട്ടികളും മറ്റുരോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ് കുട്ടനാട്
കുട്ടനാട്: വേനല്‍ കടുത്തതോടെ കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. താലൂക്കിന്റെ വടക്കു, പടിഞ്ഞാറന്‍ പ്രദേശങ്ങളായ നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്, കൈനകരി എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം ഏറ്റവുമധികം അനുഭവിക്കുന്നത്. നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന എന്നീ ഗ്രാമപഞ്ചായത്തുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് പത്തു വര്‍ഷത്തിലേറെയായി.
ജനങ്ങള്‍ കുടിവെള്ളം വിലയ്ക്കു വാങ്ങിയാണ് ഉപയോഗിക്കുന്നത്. നീലംപേരൂര്‍, കാവാലം ഗ്രാമപഞ്ചായത്തുകളില്‍ ലിറ്ററൊന്നിന് 50 പൈസ മുതല്‍ 80 പൈസ വരെ നിരക്കിലാണ് വില്‍പ്പനയെങ്കില്‍, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ചില പ്രദേശങ്ങളില്‍ ലിറ്ററൊന്നിന് ഒരു രൂപവരെയാണ് വില. എന്നാല്‍ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാര്‍ഡ് ഉള്‍പ്പെടുന്ന വേണാട്ടുകാട് പ്രദേശത്ത് റോഡ് സൗകര്യമില്ലാത്തതിനാല്‍ വെള്ളം വിലയ്ക്കു വാങ്ങാന്‍ പോലും കിട്ടില്ല.
ഈ സാഹചര്യത്തില്‍ ആറ്റിലെയും, തോട്ടിലെയും വെള്ളമാണ് ഇവിടുത്തുകാര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ വേനല്‍കനത്ത് ജലാശയങ്ങളില്‍ ഉപ്പു നിറഞ്ഞതോടെ ഇവരുടെ കുടിവെള്ളം മുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."