പ്രഥമ ഗള്‍ഫ് കായിക ദ്വിദിന സമ്മേളനം ഇന്നു മുതല്‍ ബഹ്റൈനില്‍
മനാമ: 'സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് സ്പോര്‍ട്സിന്റെ പങ്ക്' എന്ന പ്രമേയം മുന്‍നിര്‍ത്തി പ്രഖ്യാപിച്ച ആദ്യത്തെ അറബ് കായിക സമ്മേളനം ഇന്നു മുതല്‍ ബഹറൈനില്‍ നടക്കും. മുഹറഖിലെ ആര് റൊട്ടാന അംവാജ് ഹോട്ടലാണ് സമ്മേളന നഗരി.
ഏപ്രില്‍ 10,11 തിയതികളിലായി സമ്മേളനം നടക്കുന്ന കാര്യം യുവജന കായിക കാര്യ മന്ത്രാലയം അണ്ടര്‍ സെക്രെട്ടറി ഖാലിദ് അല്‍ഹാജ് നേരത്തെ ഇവിടെ പ്രഖ്യാപിച്ചിരുന്നു.
ബഹ്റൈന്‍ യുവജന സ്പോര്‍ട്സ് മന്ത്രാലയം ബഹ്റൈനിലെ യുണൈറ്റഡ് നാഷന്‍സ് ഓഫീസുമായും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സ്പോര്‍ട്സ് ആന്‍ഡ് റീക്രീയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് സമ്മേളനത്തിന് വേദിയൊരുങ്ങിയിരിക്കുന്നത്.
സമ്മേളനത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും വിവിധ മേഖലകളില്‍ ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന 17 വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ സ്പോര്‍ട്സിന്റെ സംഭാവനകളും പ്രാധാന്യവും അടയാളപ്പെടുത്തുന്നതായിരിക്കും സമ്മേളനമെന്നും ഖാലിദ് അല്‍ഹാജ് കൂട്ടിച്ചേര്‍ത്തു.
അറബ് ലോകത്തെ വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തെ പൂര്‍ണ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബഹ്റൈന്‍ ഒളിപിക് കമ്മിറ്റിയും യുവജനകാര്യ കായിക മന്ത്രാലയവും വ്യക്തമാക്കി.
നിലവില്‍ ബഹ്റൈന്‍ അടക്കം സൗദി അറേബ്യ, കുവൈറ്റ്, ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ്, സുഡാന്, ലിബിയ, മൊറോക്കോ,ടുണീഷ്യ, മൗറിട്ടേണിയ തുടങ്ങി 12 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."