വീട് കയറി ആക്രമിച്ചത് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തല്ലെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍
കൊച്ചി: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ പൊലിസിനെ പ്രതിക്കൂട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തല്‍.വീട് കയറി ആക്രമിച്ചത് പൊലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തല്ലെന്നും ദേവസ്വം പാടത്തുള്ള മറ്റൊരു ശ്രീജിത്താണെന്നുമാണ് വെളിപ്പെടുത്തല്‍.
ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന് വിനീഷാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
പൊലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ തനിക്ക് വര്‍ഷങ്ങളായി അറിയാം. സുഹൃത്തായ ശ്രീജിത്തിനൊപ്പം പലപ്പോഴും ഒരുമിച്ച് ജോലിക്ക് പോയിട്ടുണ്ട്.
സംഭവദിവസം രാവിലെയും താന്‍ ശ്രീജിത്തിന്റെ വീട്ടില്‍ പോയിരുന്നു. വീട് കയറി ആക്രമിച്ച സംഘത്തില്‍ പതിനാലുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറുപേരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ഇതില്‍ ശ്രീജിത്തോ സഹോദരന് സജിത്തോ ഉണ്ടായിരുന്നില്ലന്നും വിനീഷ് വ്യക്തമാക്കി.
ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് അയല്‍വാസിയായ സന്തോഷും പറഞ്ഞു.
ശ്രീജിത്തിന്റെ സഹോദരന് സജിത്തിനെ അന്വേഷിച്ചെത്തിയ പൊലിസ് വരാന്തയില്‍ കിടന്നിരുന്ന ശ്രീജിത്തിനെ പിടികൂടുകയായിരുന്നു. മര്‍ദിച്ചാണ് ജീപ്പില്‍ കയറ്റിയത്. അപ്പോഴാണ് പിടികൂടിയത് സജിത്തിനെയല്ലെന്ന് മനസിലായത്. പിന്നീട് സജിത്തിനെയും പിടിച്ചുകൊണ്ടുപോയെന്ന് സന്തോഷ് പറഞ്ഞു.
അതേസമയം, വിനീഷിന്റെ നല്കിയ മൊഴി വ്യത്യസ്തമായിരുന്നുവെന്നാണ് പൊലിസിന്റെ നിലപാട്.
വിനീഷ് പൊലിസ്റ്റേഷനിലെത്തിയാണ് കസ്റ്റഡിയിലുണ്ടായിരുന്ന ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയതെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."