കണിക്കൊന്ന, കണിവെള്ളരി മുതല്‍ വാഴയിലവരെ ഗള്‍ഫിലേക്ക് പറക്കുന്നു
കൊണ്ടോട്ടി: ഗള്‍ഫ് നാടുകളില്‍ വിഷുവിന്റെ ഗൃഹാതുരത്വം ഉണര്‍ത്താന്‍ കണിക്കൊന്ന മുതല്‍ നാടന്‍ പച്ചക്കറികള്‍ വരെ വിമാനം കയറിത്തുടങ്ങി. കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നാണ് വിഷു മുന്‍നിര്‍ത്തിയുള്ള പച്ചക്കറി, പഴം കയറ്റുമതികള്‍ വര്‍ധിച്ചത്. ഓണത്തിന് ഓണപ്പൂക്കള്‍ പോലെ വിഷുവിന് കണിക്കൊന്നയും, കണിവെള്ളരിയും, കണിച്ചക്കക്കുമാണ് ആവശ്യക്കാരേറെയുള്ളത്.
മാങ്ങ, വാഴത്തട്ട, വാഴക്കഴമ്പ്, ചക്ക, ചക്കക്കുരു തുടങ്ങി വാഴയിലവരെ ഗള്‍ഫിലേക്ക് പറക്കുന്നുണ്ട്. വിഷുവിനോടനുബന്ധിച്ച് പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെ വലിയ ഡിമാന്റാണുള്ളത്. മലബാറിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്നവയും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നെത്തുന്നതുമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രത്യേകം പാക്ക് ചെയ്ത് സുരക്ഷിതമായാണ് ഗള്‍ഫിലേക്ക് അയക്കുന്നത്.
വിഷുവിന് വിഭവ സമൃദ്ധമായ സദ്യക്ക് വാഴയില വേണമെന്ന് ഗള്‍ഫിലെ മലയാളിക്ക് നിര്‍ബന്ധമാണ്. വാഴയില എത്തിക്കാന്‍ പ്രത്യേക ഏജന്റുമാര്‍ തന്നെയുണ്ട്. നേന്ത്രക്കായ, മുരിങ്ങക്കായ, ചക്ക, കൊത്തവര, ചുവന്ന ഉള്ളി, ചേമ്പ്, ചേന തുടങ്ങി പച്ചക്കറികള്‍ക്കെല്ലാം ആവശ്യക്കാരേറെയാണ്.
വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള കയറ്റുമതിയില്‍ ഉണര്‍വുണ്ടെങ്കിലും ജി.എസ്.ടി ഏര്‍പ്പെടുത്തിയത് കയറ്റുമതിക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് ഏജന്റുമാര്‍ പറയുന്നു. യു.എ.ഇ, സഊദി അറേബ്യ രാജ്യങ്ങളിലേക്കാണ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൂടുതല്‍ കയറ്റി അയക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."