വീല്‍ചെയറിലിരുന്ന് ഗണേശ് ശ്രീലേഖയെ മിന്നുകെട്ടി
ഒറ്റപ്പാലം: പ്രചോദനാത്മക ക്ലാസുകളിലൂടെയും സാന്ത്വന സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും വീല്‍ ചെയര്‍ മോട്ടിവേറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ മുന്നൂര്‍ക്കോട് ഗണേഷ് കൈലാസ് വിവാഹിതനായി. പഠനകാലത്ത് ചിറ്റൂര്‍ കോളജില്‍ തന്റെ പഴയ കൂട്ടുകാരിയായിരുന്ന മട്ടന്നൂര്‍ ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജോഗ്രഫി അധ്യാപിക ശ്രീലേഖയാണ് ജീവിതപങ്കാളി. വിപുലമായ വ്യക്തിബന്ധങ്ങളുള്ള ഗണേഷിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ ഇരുവരുടെയും
അടുത്ത സുഹൃത്തുക്കളും കുടുംബങ്ങളും മാത്രമാണുണ്ടായിരുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്നലെ ഹര്‍ത്താല്‍ ദിനത്തിലായിരുന്നു മിന്നുകെട്ട്. 2006 മെയ് അഞ്ചിനായിരുന്നു ഗണേഷിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിത ദുരന്തം വാഹാനാപകട രൂപത്തില്‍ വന്നത്. ദീര്‍ഘ കാലത്തെ ചികിത്സകള്‍ക്കൊടുവില്‍ ഗണേശ് പതുക്കെ ജീവിക്കാന്‍ തുടങ്ങുകയായിരുന്നു.
ജീവിതം എന്തെന്ന് തന്റെ വ്യത്യസ്തമായ രണ്ടനുഭവങ്ങളിലൂടെ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുമ്പോള്‍ അത് പുതിയതലമുറയില്‍ ആവേശവും നൊമ്പരവും പടര്‍ത്തി ജനസേവനത്തിലേക്കിറങ്ങാന്‍ ഗണേഷിന്റെ ജീവിതാനുഭവം പല കുട്ടികള്‍ക്കും പ്രചോദനമാവുകയുമുണ്ടായി. വിദ്യാഭാസ സ്ഥാപനങ്ങളിലേക്കും സാന്ത്വന ചികിത്സാലയങ്ങളിലേക്കും ജീവിതം എന്തെന്ന് പഠിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ടതോടെ കേരളത്തിലങ്ങോളമിങ്ങോളം ഗണേശ് വീല്‍ചെയറില്‍ സഞ്ചരിച്ചുതുടങ്ങി.
നൂറ്കണക്കിന് ക്ലാസുകള്‍ ഏറ്റെടുത്തതോടെ വീല്‍ചെയര്‍ മോട്ടിവേറ്റര്‍ എന്ന നിലക്ക് പ്രശസ്തനായി.
ഗണേശിനെ ജീവിതപങ്കാളിയാക്കാനുള്ള കണ്ണൂരിലെ ശ്രീലേഖയുടെ തീരുമാനത്തെ അവരുടെ വീട്ടുകാരും പിന്‍താങ്ങി. ശ്രീലേഖയുടെ അച്ഛനും അമ്മയും അടുത്ത ബന്ധുക്കളുമാണ് വധുവിനൊപ്പം എത്തിയത്.
ഇരിക്കൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.പ്രിന്‍സിപ്പല്‍ വി.കെ ഹരിദാസന്റെയും കീഴല്ലൂര്‍ എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപികയായിരുന്ന നളിനിയുടെയും ഇളയമകളാണ് ശ്രീലേഖ. മുന്‍ റിട്ട.എസ്.ഐ മുന്നൂര്‍ക്കോട് ശങ്കരന്‍കുട്ടിയുടെയും കല്ല്യാണിയുടെയും മകനാണ് ഗണേശ്.
ഗുരുവായൂരിലെ എല്ലാചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം വരന്റെ വീട്ടിലേക്ക് വരനെയും ഇരുത്തി വധു കാറോടിച്ചു വന്നതും സന്തോഷത്തിന്റെ മറ്റൊരു നവ്യാനുഭവമായി. അപ്പോഴേക്കും ഗണേശിന്റെ വീട്ടില്‍ ആശംസയും സമ്മാനങ്ങളുമായി അടുത്ത ബന്ധുക്കളും എത്തിയിരുന്നു.
തിരികെ അവരും സ്‌നേഹവിരുന്ന് നല്‍കി ഇരുവരും ജീവിതത്തിലേക്ക് കൈപിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."