കോട്ടക്കുന്ന് ബൈപ്പാസ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം: ബൈപ്പാസ് പ്രവര്‍ത്തന സമിതി
കണ്ണൂര്‍: കോട്ടക്കുന്നിലെ പുതിയ ബൈപ്പാസ് അലൈന്മെന്റ് എന്‍.എച്ച്.എ.ഐ(നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ)യുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചുങ്കം-ചാല ബൈപ്പാസ് പ്രവര്‍ത്തനസമിതി.
ചിറക്കല്‍ വില്ലേജിലെ പുഴാതി ചുങ്കം-ചാല എന്‍.എച്ച് 66 ബൈപ്പാസിന്റെ പുതിയ അലൈന്മെന്റാണ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നടപ്പാക്കുന്നത്. റോഡിന്റെ നീളം, വളവിന്റെ എണ്ണം, വീടുകളുടെ എണ്ണം, കണ്ടല്‍ കാടിന്റെ മേലുള്ള ആഘാതം, പാലത്തിന്റെ നീളം എന്നീ അഞ്ചു മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യത്തെ അലൈന്മെന്റിനെക്കാളും മെച്ചപ്പെട്ടതല്ല രണ്ടാമത്തേത്.
2011 മുതല്‍ ബൈപ്പാസിനായി കോട്ടക്കുന്ന് പ്രദേശത്തു മാത്രം മൂന്ന് സര്‍വേകള്‍ നടത്തി. 2014 മുതല്‍ 2017 വരെ മൂന്നു വര്‍ഷമായി നിലനിന്നിരുന്ന കോട്ടക്കുന്നിലെ അലൈന്മെന്റ് രണ്ടുതവണ ത്രീഎ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച് കല്ലുകള്‍ പാകിയിട്ടുണ്ട്.
2017 നവംബര്‍ 22ന് ദുരൂഹമായി അലൈന്മെന്റ് മാറിയതായി ബൈപാസ് പ്രവര്‍ത്തന സമിതി ആരോപിക്കുന്നു.
ഇതില്‍ ദേശീയപാത അധികൃതര്‍ പറഞ്ഞത് ശാസ്ത്രീയമായ കാരണങ്ങളാല്‍ മാറ്റുന്നുവെന്നതായിരുന്നു. എന്നാല്‍ ചില വി.ഐ.പികളുടെ താല്പര്യപ്രകാരമാണ് മാറ്റമെന്ന് എന്‍.എച്ച്.എ.ഐ അധികൃതര്‍ പറഞ്ഞതായി ബൈപ്പാസ് പ്രവര്‍ത്തനസമിതി ചെയര്മാന് എം.എ ഹംസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ കണ്വീനര്എന്.എം കോയയും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."