ദീപയും കുടുംബവും ഇനി പുതിയ തണലില്‍
കണ്ണൂര്‍: ദീപയ്ക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സുരക്ഷയോടെ കിടന്നുറങ്ങാം. അമ്മയെയും അമ്മൂമ്മയെയും മര്‍ദിച്ചതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന ആയിക്കരയിലെ ദീപക്കാണ് അന്തിയുറങ്ങാന്‍ സുരക്ഷിത വീടൊരുങ്ങിയത്. സമൂഹമാധ്യമങ്ങള്‍ വഴി ദീപയുടെ കദനകഥകളറിഞ്ഞാണു കണ്ണൂരിലെ സാമൂഹ്യപ്രവര്‍ത്തകര്‍ നിലവിലെ വീട് അറ്റകുറ്റപ്പണി നടത്തിയത്. അറ്റകുറ്റപ്പണി നടത്തിയ വീടിന്റെ ഗൃഹപ്രവേശം ഇന്നു വൈകിട്ട് മൂന്നിന് പി.കെ ശ്രീമതി എം.പി നിര്‍വഹിക്കും.
ആയിക്കര ഉപ്പാലവളപ്പിലെ നടപ്പാത പോലുമില്ലാത്ത ചെറിയ വീട്ടിലായിരുന്നു ദീപയും രണ്ടുമക്കളും 90 വയസുള്ള അമ്മൂമ്മയും എഴുപതുകാരിയായ മാതാവും കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് നാടുവിട്ടു പോയതിനു ശേഷം കാര്യമായ വരുമാനമൊന്നുമില്ലാതെ കുടുംബത്തിലെയും മറ്റും സുമനസുകളും നല്‍കിയ സഹായത്താല്‍ ജീവിച്ച ദീപയുടെയും കുടുംബത്തിന്റെയും ജീവിതം ദുരിതമയമായിരുന്നു.
പലപ്പോഴും പട്ടിണിയായിരുന്നു കുടുംബത്തിന്റെ കൂട്ട്. നേരത്തെ തയ്യല്‍ കടയില്‍ ജോലിക്കു പോവാറുണ്ടായിരുന്നെങ്കിലും വാതിലില്ലാത്ത വീട്ടിലേക്കു സാമൂഹ്യദ്രോഹികള്‍ അതിക്രമിച്ചുകയറി കുട്ടികളെയും മറ്റും ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ഉണ്ടായിരുന്ന ചെറിയ ജോലിയും ഒഴിവാക്കേണ്ടി വന്നു.
ഈയൊരു ദുരിതത്തിനിടക്കുണ്ടായ മാനസികാവസ്ഥയില്‍ നിന്നാണ് പ്രായമായ അമ്മൂമയെ ദീപ മര്‍ദിച്ചത്. സംഭവം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ദീപയും കടുത്ത വിമര്‍ശനത്തിന് ഇടയായി. പിന്നീട് പുറത്തുവന്ന ദുരിതക്കഥയാണു ദീപയ്ക്കു തുണയായത്. സംസ്ഥാന വനിതാ കമ്മിഷനടക്കം പ്രശ്‌നത്തില്‍ ഇടപെട്ടു. അമ്മൂമയെ മര്‍ദിച്ചതിന് അറസ്റ്റിലായ ദീപയെ വിട്ടയക്കുകയും ചെയ്തു. കേസ് പിന്‍വലിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണ്. കഷ്ടപ്പാടുകള്‍ ഏറെയുണ്ടെങ്കിലും റേഷന്‍ കാര്‍ഡില്‍ ദീപ ദാരിദ്ര്യരേഖയ്ക്കു മുകളിലായിരുന്നു. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ നല്‍കുന്ന രണ്ടുകിലോ അരി മാത്രമാണു കുടുംബത്തിനു ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവനുസരിച്ച് ദീപയെയും കുടുംബത്തെയും ബി.പി.എല്ലിലേക്കു മാറ്റിയിട്ടുണ്ട്. ദീപയും രണ്ടു മക്കളുമാണു നവീകരിച്ച വീട്ടില്‍ കഴിയുക. അമ്മയും അമ്മൂമ്മയും ദീപയുടെ അനുമതിയോടെ നിലവില്‍ താമസിക്കുന്ന ആയിക്കരയിലെ അത്താണി അഗതി മന്ദിരത്തില്‍ താമസം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."