പരാജയത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ വിജയശില്പി
തലശ്ശേരി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈറ്റില്ലം എന്ന് ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്ന തലശ്ശേരി ക്രിക്കറ്റിന് നല്കിയ ഉജ്വല സംഭാവനയായിരുന്നു ഇന്നലെ അന്തരിച്ച കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ബാബു അച്ചാരത്ത്. പരാജയത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ വിജയശില്പിയായിരുന്നു അദ്ദേഹം. 1951ലാണ് തിരുവിതാംകൂര്‍-കൊച്ചി ടീമിന് ബി.സി.സി.ഐയില്‍ അംഗീകാരം കിട്ടുന്നത്. 1951, 52ല്‍ ബംഗളൂരു സെന്‍ട്രല്‍ കോളജ് ഗ്രൗണ്ടില്‍ മൈസൂരിനെതിരേയായിരുന്നു കേരള ചരിത്രത്തിലെ ആദ്യ മല്‍സരം. തലശ്ശേരിക്കാരനായ മമ്പള്ളി രാഘവനായിരുന്നു ക്യാപ്റ്റന്‍. ടീമില്‍ തലശ്ശേരിക്കാരായ എ.പി.എം മക്കി, പി.എം അനന്തന് എന്നിവരും ഉണ്ടായിരുന്നു. കന്നിമല്‍സരത്തില്‍ 21 റണ്‍സിന് കേരളം തോറ്റു.
1957 ഡിസംബര്‍ 28, 29 തിയതികളിലാണ് തലശ്ശേരിയില്‍ ആദ്യ രഞ്ജി ട്രോഫി മല്‍സരം നടന്നത്. കേരളവും ആന്ധ്രയും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. 1963 ഡിസംബര്‍ 14 മുതല്‍ 16 വരെ തലശ്ശേരിയില്‍ നടന്ന രഞ്ജി ട്രോഫി മല്‍സരത്തിലാണ് തലശ്ശേരിക്കാരനായ ബാബു അച്ചാരത്ത് നായകനായത്. കേരളത്തിന്റെ 34ാമത്തെ മല്‍സരമായിരുന്നു അത്. മല്‍സരത്തില്‍ ഓപ്പണിങ് ബാറ്റ്സ്മാനായ ജെ.എ ഗബ്രിയല്, പേസ് ബൗളര്‍ സി.കെ ഭാസ്കര്‍, റൈറ്റ് ആം മീഡിയം എം.എ നന്ദകുമാര്‍ എന്നിവരായിരുന്നു തലശ്ശേരിക്കാരായി കളിക്കളത്തില്‍ ഉണ്ടായിരുന്നത്. ക്യാപ്റ്റനായി ഇറങ്ങി തലശ്ശേരി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ബാബു അച്ചാരത്ത് 35 റണ്‍സ് നേടിയാണ് സ്വന്തം മണ്ണില്‍ നാല് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം നേടിയത്. 16 മല്‍സരങ്ങള്‍ തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തില്‍ നടന്നു. 1963, 1982ല്‍ ആന്ധ്രക്കെതിരേയും 1998ല്‍ ഗോവക്കെതിരേയും കേരളം വിജയം നേടി. 1991,96,99 വര്‍ഷങ്ങളില്‍ യഥാക്രമം ഹൈദരാബാദ് തമിഴ്നാട്, കര്‍ണാടക എന്നിവര്‍ക്കെതിരേ കേരളം സമനില പിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."