പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെ: സുപ്രിംകോടതി
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ അധികാരവ്യാപ്തിയെക്കുറിച്ച് ജഡ്ജിമാരുള്‍പ്പെടെ സംശയം ഉന്നയിക്കുന്നതിനിടയില്‍, ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിധിയുമായി സുപ്രിം കോടതി. ബെഞ്ച് രൂപീകരണവും കേസുകള്‍ വിഭജിച്ച് നല്‍കുന്നതിനുള്ള അധികാരവും ചീഫ് ജസ്റ്റിസിനു തന്നെയെന്ന് ഇന്നലെ സുപ്രിം കോടതി വ്യക്തമാക്കി. ഭരണഘടന അനുസരിച്ച് സുപ്രിം കോടതിയുടെയും ഹൈക്കോടതിയുടെയും മേധാവി ചീഫ് ജസ്റ്റിസാണ്. സുപ്രിംകോടതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നത് ചീഫ്ജസ്റ്റിസിന്റെ ചുമതലയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എം.ഖന്‍വില്‍കര്‍ എന്നിവരടങ്ങുന്ന മൂന്നംഗബെഞ്ച് വ്യക്തമാക്കി. കേസുകള്‍ വിഭജിച്ചുനല്‍കുന്നതിലും ബെഞ്ചുകള്‍ രൂപീകരിക്കുന്നതിലും ചീഫ്ജസ്റ്റിസിന്റെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയ നടപടി ചോദ്യംചെയ്യുന്ന പൊതുതാല്‍പ്പര്യ ഹരജി ചീഫ്ജസ്റ്റിസിന്റെ തന്നെ ബെഞ്ച് തള്ളിയാണ് ഇത്തരത്തില്‍ ഉത്തരവിട്ടത്.
ഭരണഘടന സവിശേഷാധികാരം നല്‍കിയ ചീഫ്ജസ്റ്റിസില്‍ അവിശ്വാസം തോന്നേണ്ട സാഹചര്യം നിലവിലില്ല. ഈ വിഷയം ഇവിടെ അവസാനിപ്പിക്കുകയാണെന്ന് ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. സുപ്രിം കോടതിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ചീഫ് ജസ്റ്റിസ് ആണ്.
നീതിന്യായരംഗത്തെ അധികാരകേന്ദ്രങ്ങളില്‍ തുല്യരില്‍ ഒന്നാമന്‍ (മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍) ചീഫ് ജസ്റ്റിസാണ്. കോടതിയുടെ ഭരണനിര്‍വഹണത്തിലും ചീഫ് ജസ്റ്റിസിന് സവിശേഷ അധികാരമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.
അഭിഭാഷകനായ അശോക് പാണ്ഡെയുടെ ഹരജിയാണ് ഇന്നലെ മൂന്നംഗബെഞ്ച് പരിഗണിച്ചത്. സമാന ആവശ്യം ഉന്നയിച്ച് മുന്‍ കേന്ദ്രനിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ നല്‍കിയ ഹരജിയും സുപ്രിംകോടതി മുന്‍പാകെയുണ്ട്.
കോടതിയിലെത്തുന്ന കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വീതിച്ചുനല്‍കുന്ന അധികാരി എന്ന നിലയ്ക്ക് ചീഫ്ജസ്റ്റിസിന്റെ അധികാരപദവി സംബന്ധിച്ചു വ്യാഖ്യാനിക്കണമെന്നും ശാന്തിഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."