കാക്കിയിട്ട ക്രിമിനലുകള്‍
തിരുവനന്തപുരം: മൃദുഭാവേ ദൃഢകൃത്യേ(മൃദുവായ പെരുമാറ്റം, ഉറച്ച നടപടി) എന്ന കേരള പൊലിസിന്റെ ആപ്തവാക്യം ചുരുട്ടിയെറിഞ്ഞ് കാക്കിക്കുള്ളില്‍ 1,129 ക്രിമിനലുകള്‍.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ഇവരില്‍ ഭൂരിഭാഗവും ക്രമസമാധാന ചുമതലകളില്‍ വിലസുന്നു. കഴിഞ്ഞമാസം എല്ലാ സോണുകളിലെയും എ.ഡി.ജി.പിമാര്‍, ക്രൈം എ.ഡി.ജി.പി, ഇന്റേണല്‍ എ.ഡി.ജി.പി തുടങ്ങി ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ഇത്രയും ക്രിമിനലുകള്‍ ജനമൈത്രി പൊലിസില്‍ വിളയാടുന്നത് കണ്ടെത്തിയത്.
കസ്റ്റഡി കൊലപാതകം, ബലാല്‍സംഗം, കുട്ടികളെ പീഡിപ്പിക്കല്‍, സ്ത്രീകളെ ആക്രമിക്കല്‍, സ്ത്രീധനപീഡനം, പരാതിക്കാരെ ഉപദ്രവിക്കല്‍, തട്ടിപ്പ്, കൈക്കൂലി, ക്വട്ടേഷന്‍, അബ്കാരി, ലഹരി കേസുകള്‍, വ്യാജരേഖ ചമയ്ക്കല്‍, ഗുണ്ടകള്‍ക്ക് സഹായമൊരുക്കല്‍ തുടങ്ങി പെറ്റമ്മയെ തല്ലിയ കേസുവരെ നീളുന്നു കാക്കിക്കുള്ളിലെ ക്രിമിനലുകളുടെ പട്ടിക. പൊലിസിലെ ക്രിമിനലുകളുടെ എണ്ണം രണ്ടുവര്‍ഷത്തിനിടെ ക്രമാതീതമായി വര്‍ധിച്ചതായും സമിതി കണ്ടെത്തി. സേനയിലുള്ളവര്‍ കേസില്‍പ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അവരെ നിഷ്പ്രയാസം രക്ഷിച്ചെടുക്കുകയാണ്.
2011ല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പൊലിസിലെ ക്രിമിനലുകളുടെ പട്ടിക തയാറാക്കാന്‍ തീരുമാനിച്ചത്. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി സമിതിയും രൂപീകരിച്ചു. ജില്ലാ പൊലിസ്‌മേധാവി ജില്ലയിലെ മുഴുവന്‍ സ്‌റ്റേഷനുകളില്‍ നിന്നും വിവരം ശേഖരിച്ച് സമിതിക്ക് കൈമാറും.
പൊലിസുകാര്‍ക്കെതിരേ കേസെടുത്താല്‍ വാച്യാന്വേഷണം (ഓറല്‍ എന്‍ക്വയറി) ആണ് ആദ്യം. സി.ഐ റാങ്കിലുള്ളവര്‍ക്കാണ് അന്വേഷണ ചുമതല. ഡിവൈ എസ്.പിമാര്‍ മേല്‍നോട്ടം വഹിക്കും. സി.ഐയോ ഡിവൈ.എസ്.പിയോ പ്രതികളായ കേസില്‍ ഡി.ജി.പി നിര്‍ദേശിക്കുന്ന ആള്‍ക്കായിരിക്കും അന്വേഷണ ചുമതല. പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താലുടന്‍ പൊലിസ് ആസ്ഥാനത്തേക്ക് കൈമാറും. ഇത് പൊലിസ് മേധാവി പരിശോധിച്ചതിനു ശേഷം വകുപ്പുതലത്തില്‍ എന്ത് അന്വേഷണം നടത്തണമെന്ന് തീരുമാനിച്ച് പൊലിസ് ആസ്ഥാനത്തെ എ.ഐ.ജിക്ക് കൈമാറും.
എ.ഐ.ജിയാണ് ഡിസിപ്ലിനറി ബ്രാഞ്ചിന് കേസ് കൈമാറുന്നത്. കൂടാതെ എഫ്.ഐ.ആറിന്റെ കോപ്പി പൊലിസ് ആസ്ഥാനത്തെ ഇന്റേണല്‍ എ.ഡി.ജി.പിക്കും നല്‍കും. എ.ഡി.ജി.പി സ്വതന്ത്രാന്വേഷണം നടത്തി റിപ്പോര്‍ട്ട് പൊലിസ് മേധാവിക്ക് കൈമാറണമെന്നാണ് നിര്‍ദേശമെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല.
കൊടുംക്രിമിനലുകള്‍ക്കെതിരേയുള്ള കേസുകള്‍ പോലും വാച്യാന്വേഷണത്തില്‍ ഒതുക്കുകയാണ്. സേനയിലെ അച്ചടക്കമില്ലായ്മയാണ് ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് പൊലിസ് ഉന്നതര്‍ തന്നെ സമ്മതിക്കുന്നു.
എണ്ണത്തില്‍ മുന്നില്‍ തലസ്ഥാനം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പൊലിസുകാര്‍ ക്രിമിനല്‍ പട്ടികയിലുള്ളത്. 215 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ എസ്.ഐ, എ.എസ്.ഐ റാങ്കില്‍ പെട്ട 27 പേരും സി.ഐ റാങ്കില്‍പെട്ട രണ്ടുപേരും ഡിവൈ.എസ്.പി റാങ്കില്‍പെട്ട മൂന്നുപേരുമുണ്ട്. രണ്ടാമത് കൊല്ലമാണ്. 146 കേസുകള്‍.
ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്തത് 101 കേസുകള്‍. എറണാകുളത്ത് 125, പത്തനംതിട്ടയില്‍ 41, കോട്ടയത്ത് 92, ഇടുക്കി 34, തൃശൂരില്‍ 98 കേസുകളിലും ഉന്നതര്‍ പ്രതികളാണ്. പാലക്കാട്ട് 41, മലപ്പുറത്ത് 14, കോഴിക്കോട്ട് 75, വയനാട്ടില്‍ 43, കണ്ണൂരില്‍ 80, കാസര്‍കോട് 24 കേസുകളും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."