ശ്രേയസിയിലൂടെ സ്വര്‍ണം
ഗോള്‍ഡ് കോസ്റ്റ്: ഷൂട്ടര്‍മാര്‍ ഉന്നം തെറ്റാതെ വെടിവച്ചപ്പോള്‍ ഏഴാം ദിനത്തിലും ഒരു സ്വര്‍ണമടക്കം മൂന്ന് മെഡലുകളുമായി ഇന്ത്യയുടെ മുന്നേറ്റം. വനിതകളുടെ ഡബിള്‍ ട്രാപ് ഷൂട്ടിങില്‍ ഇന്ത്യയുടെ ശ്രേയസി സിങ് ഇന്നലെ സുവര്‍ണ നേട്ടം സ്വന്തമാക്കി.
തന്റെ രണ്ടാം വെങ്കല മെഡലിലൂടെ ഷൂട്ടിങ് താരം ഓം മിതര്‍വാളും ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചു. ഷൂട്ടിങ് താരം അംകുര്‍ മിത്തലാണ് മറ്റൊരു വെങ്കലം ജേതാവ്. 12 സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലം മെഡലുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു. 57 സ്വര്‍ണം 43 വെള്ളി 45 വെങ്കലം മെഡലുകളുമായി ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തും 25 സ്വര്‍ണം 30 വെള്ളി 21 വെങ്കലം മെഡലുകളുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
നാല് വര്‍ഷം മുന്‍പ് നേടിയ വെള്ളി മെഡല്‍ ഇത്തവണ സ്വര്‍ണമാക്കി മാറ്റിയാണ് ശ്രേയസിയുടെ മുന്നേറ്റം. വനിതകളുടെ ഡബിള്‍ ട്രാപില്‍ 24, 25, 22, 25 പോയിന്റുകള്‍ നേടി മൊത്തം 96 പോയിന്റുകളുമായാണ് ശ്രേയസി സ്വര്‍ണം ഉറപ്പാക്കിയത്.
പുരുഷന്‍മാരുടെ 50 മീറ്റര്‍ പിസ്റ്റളിലാണ് മിതര്‍വാളിന്റെ വെങ്കല നേട്ടം. അതേസമയം ഈയിനത്തില്‍ മത്സരിച്ച പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലെ സുവര്‍ണ താരം ജിത്തു റായ് അവസാന സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
പുരുഷന്‍മാരുടെ ഡബിള്‍ ട്രാപ് ഷൂട്ടിങിലാണ് ഇന്ത്യക്കായി അംകുര്‍ മിത്തല്‍ വെങ്കലം നേടിയത്. തന്റെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെ മെഡല്‍ നേടാന്‍ താരത്തിന് സാധിച്ചു. മൊത്തം 53 പോയിന്റുകളുമായാണ് അംകുര്‍ മൂന്നാമതെത്തിയത്.
ഇന്ത്യന്‍ വെറ്ററന്‍ ഇതിഹാസം മേരി കോം വനിതകളുടെ ബോക്‌സിങ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് കടന്ന് സ്വര്‍ണം, വെള്ളി മെഡലില്‍ ഒന്നുറപ്പിച്ചു. 48 കിലോയില്‍ ശ്രീലങ്കന്‍ താരം അനുഷ ദില്‍രുക്ഷിയെ കീഴടക്കിയാണ് മേരിയുടെ മുന്നേറ്റം. ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കാനിറങ്ങിയാണ് ഇന്ത്യയുടെ അഭിമാന താരത്തിന്റെ മുന്നേറ്റം. അതേസമയം വനിതകളുടെ 60 കിലോയില്‍ മത്സരിച്ച സരിത ദേവി ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. പുരുഷ വിഭാഗം 52 കിലോയില്‍ ഗൗരവ് സോളങ്കി ക്വാര്‍ട്ടറില്‍ പപുവ ന്യൂ ഗ്വിനിയ താരം ചാള്‍സ് കിയാമയെ വീഴ്ത്തി സെമിയിലേക്ക് മുന്നേറി ഒരു മെഡല്‍ ഉറപ്പിച്ചു. പിന്നാലെ 75 കിലോയില്‍ വികാസ് കൃഷ്ണനും സെമിയിലേക്ക് കടന്നു. താരം സാംബിയയുടെ ബെന്നി മുസിയോയെയാണ് ക്വാര്‍ട്ടറില്‍ വീഴ്ത്തിയത്. 60 കിലോയില്‍ മനീഷ് കൗഷിക് ഇംഗ്ലണ്ട് താരം കലും ഫ്രഞ്ചിനെ ഇടിച്ചിട്ട് സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്.
നേരത്തെ തന്നെ സെമി ഉറപ്പാക്കി പൂള്‍ ബിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ത്രില്ലര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 4-3ന് വീഴ്ത്തി. അവസാന മൂന്ന് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ അവസാന നാലിലേക്ക് എത്തിയത്. ഇന്ത്യക്കായി മന്‍പ്രീത് സിങ്, രുപിന്ദര്‍ പാല്‍ സിങ്, വരുണ്‍ കുമാര്‍, മന്‍ദീപ് സിങ് എന്നിവര്‍ ഗോള്‍ നേടി. 2-3 എന്ന നിലയില്‍ പിന്നില്‍ നിന്ന ശേഷം ഇന്ത്യ രണ്ട് ഗോളുകള്‍ അവസാന നിമിഷം സ്വന്തമാക്കിയാണ് വിജയിച്ചത്.
അനായാസ വിജയത്തോടെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളും ഏഴാം ദിനം മുന്നേറി. പി.വി സിന്ധു വനിതാ സിംഗിള്‍സില്‍ ഫിജി താരം അന്ദ്ര വൈറ്റ്‌സൈഡിനെ 21-6, 21-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. സൈന നേഹ്‌വാള്‍ ദക്ഷിണാഫ്രിക്കന്‍ താരം എല്‍സി ഡിവില്ല്യേഴ്‌സിനെ 21-3, 21-1 എന്ന സ്‌കോറിനും കീഴടക്കി. പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത് മൗറീഷ്യസ് താരം ആതിഷ് ലുഭിനെ 21-13, 21-10 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. മലയാളി താരം എച്.എസ് പ്രണോയ് മൗറീഷ്യസിന്റെ ക്രിസ്റ്റഫര്‍ ജീന്‍ പോളിനെ 21-14, 21-6 എന്ന സ്‌കോറിന് വീഴ്ത്തി. വിജയത്തോടെ ഇന്ത്യന്‍ താരങ്ങള്‍ പ്രീ ക്വാര്‍ട്ടറിലെത്തി.
വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരങ്ങളായ വി നീന, നയന ജെയിംസ് എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 400 മീറ്റര്‍ ഫൈനലില്‍ മത്സരിക്കാനിറങ്ങിയ ഇന്ത്യയുടെ ഹിമ ദാസ് ആറാം സ്ഥാനം സ്വന്തമാക്കി. 51.32 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. പുരുഷന്‍മാരുടെ ഹൈ ജംപ് ഫൈനലില്‍ മത്സരിച്ച തേജസ്വിന്‍ ശങ്കര്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."