കൊച്ചു കൊച്ചു ആവശ്യങ്ങളുമായി അവര്‍ വന്നു; എല്ലാ പിന്തുണയും ഉറപ്പു നല്‍കി മന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ ന്യൂനപക്ഷ ചരിത്രത്തിലെ വേറിട്ടൊരു സംഗമത്തിന് സെക്രട്ടറിയേറ്റ് അനെക്‌സ് രണ്ടിലെ ലയം ഹാള്‍ സാക്ഷിയായി. കേരളത്തിലെ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷങ്ങളായ ജൈന, ബുദ്ധ, സിഖ്, പാര്‍സി മത സമുദായ വിഭാഗങ്ങളുടെ നേതാക്കള്‍ തദ്ദേശ സ്വയംഭരണ ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലുമായി അവരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ കൂടിക്കാഴ്ച കേരള ചരിത്രത്തില്‍ ആദ്യത്തേതായിരുന്നു.
മന്ത്രിയുടെ തന്നെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത്. മുസ്‌ലിം ക്രൈസ്തവേതര മത ന്യൂനപക്ഷങ്ങളായ ഇവര്‍ കൊച്ചു കൊച്ചു ആവശ്യങ്ങളുമായാണ് മന്ത്രിയെ കാണാനെത്തിയത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ചിതറിക്കിടക്കുന്ന ജൈന, ബുദ്ധ, സിഖ്, പാര്‍സി മത സമുദായ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 25 നേതാക്കളാണ് കൂടിക്കാഴ്ച്ചക്കെത്തിയത്.
ജൈന ടൂറിസ്റ്റുകളെ ആകര്‍ഷിക്കാവുന്ന തരത്തില്‍ ഹോട്ടലുകളും മറ്റുമൊരുക്കിയും പൊലിസ് സംരക്ഷണം നല്‍കിയും ടൂറിസ്റ്റുകളെ സഹായിക്കാന്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയുമെന്നതായിരുന്നു കൊച്ചിയില്‍നിന്നും വന്ന ജൈന നേതാക്കളുടെ ചോദ്യം. കേരള ടൂറിസം വകുപ്പുമായി കൂടിയാലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. കാലഹരണപ്പെട്ടുപോകുന്ന ബുദ്ധ പൈതൃക ഇടങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കണമെന്നായിരുന്നു ബുദ്ധ വിഭാഗം നേതാക്കളുടെ പ്രധാന ആവശ്യം.
മൈനോറിറ്റി സിര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് നേരിടുന്ന പ്രയാസങ്ങളും അവര്‍ മന്ത്രിയുമായി പങ്കുവെച്ചു. എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും ഇത് സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. കേരളത്തിലെ ഏക പാര്‍സി സെറ്റല്‍മെന്റായ കോഴിക്കോട്ടെ പാര്‍സി സമുദായത്തെ പ്രധിനിതീകരിച്ച് മാര്‍ഷല്‍ ദാരിയസ് എത്തി. സിഖ് സമുദായത്തെ പ്രധിനിതീകരിച്ചെത്തിയത് കൊച്ചിയിലെ ബണ്ടി സിംഗായിരുന്നു. തങ്ങളുടെ ഗുരുദ്വാരയില്‍ നടക്കുന്ന അന്നദാനത്തിന് ഗവണ്‍മെന്റ് സഹായം ലഭ്യമാക്കണമെന്നായിരുന്നു അദ്ദേഹം മന്ത്രിയോടാവശ്യപ്പെട്ടത്.
ഇത്തരം കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്ന് പറഞ്ഞ നേതാക്കള്‍ കൂടിക്കാഴ്ച സഘടിപ്പിച്ച മന്ത്രിയെ പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല. എല്ലാ പ്രതിനിധികളും എഴുതിത്തയാറക്കി കൊണ്ടുവന്ന കൊച്ചു ആവിശ്യങ്ങളും, പരാതികളും, പരിഭവങ്ങളും മന്ത്രിക്കു സമര്‍പ്പിക്കുകയും വേണ്ട നടപടികള്‍ എടുക്കുമെന്ന ഉറപ്പ് വാങ്ങിയുമാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."