മന്ത്രിസഭാ വാര്‍ഷികം: ജില്ലയില്‍ വിപുലമായ പരിപാടികള്‍
കൊച്ചി: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ജില്ലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ അമ്പതോളം പദ്ധതികള്‍ മെയ് ഒന്നു മുതല്‍ 31 വരെ നീളുന്ന വാര്‍ഷികാഘോഷവേളയില്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ വകുപ്പുകളുടെ നേട്ടങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്ന പ്രദര്‍ശനം മെയ് 12 മുതല്‍ 19 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. ഈ ദിവസങ്ങളില്‍ കലാസാംസ്‌കാരിക പരിപാടികളും സെമിനാറികളും സംഘടിപ്പിക്കും.
ജില്ലയുടെ ചുമതല വഹിക്കുന്ന പ്രൊഫ.സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ആഘോഷപരിപാടികള്‍ക്ക് രൂപം നല്‍കിയത്. എം.എല്‍.എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, ആന്റണി ജോണ്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എന്‍ രാധാകൃഷ്ണപിള്ള, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ കബീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അസമത്വത്തെ ചെറുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വികസന സങ്കല്‍പ്പത്തിലേക്കുള്ള മുന്നേറ്റം ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുന്നതായിരിക്കും ആഘോഷപരിപാടികളെന്ന് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. കളമശ്ശേരി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഷികാഘോഷ വേളയില്‍ തുടക്കം കുറിക്കും. നൂറു കുളം നവീകരണ പ്രഖ്യാപനം, അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന 15 സ്‌കൂളുകളുടെ നിര്‍മാണോദ്ഘാടനം, തോട്ടറപുഞ്ചയിലെ അരി വിതരണത്തിന്റെയും മിനി റൈസ് മില്ലിന്റെയും ഉദ്ഘാടനം, ഇടക്കൊച്ചി ഫിഷ് ഫാം ഒന്നാംഘട്ട ഉദ്ഘാടനം, എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ മള്‍ട്ടിപര്‍പസ് വനിതാഹോസ്റ്റല്‍ ഉദ്ഘാടനം, ട്രൈബല്‍ അബോഡ് കോംപ്ലക്‌സ് പ്രവര്‍ത്തനോദ്ഘാടനം, പന്തപ്ര പുനരധിവാസ കോളനിയില്‍ 67 കുടുംബങ്ങളുടെ വീടുകളുടെ നിര്‍മാണോദ്ഘാടനം, കുട്ടമ്പുഴയില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഉദ്ഘാടനം എന്നിവയും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടുന്നു.
വ്യവസായ വികസനം സംബന്ധിച്ച ദേശീയ സെമിനാറും സര്‍ക്കാരിന്റെ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ പൊതുസമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വ്യക്തമാക്കുന്ന ചര്‍ച്ചാവേദിയും സംഘടിപ്പിക്കും. ഭക്ഷ്യമേള, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. വിവിധ വകുപ്പുകള്‍ ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് വികസന പുസ്തകം പ്രസിദ്ധീകരിക്കും. താലൂക്ക് ആസ്ഥാനങ്ങളില്‍ വികസന ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും. വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നതിനായി വിദ്യാഭ്യാസമന്ത്രി, ജില്ലയില്‍ നിന്നുള്ള എം.പിമാര്‍ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിന്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ എന്നിവര്‍ രക്ഷാധികാരിമാരായുള്ള സ്വാഗതസംഘം രൂപീകരിച്ചു.
ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കണ്‍വീനറുമാണ്. മുന്‍ എം.പിമാരായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, പി. രാജീവ്, കെ.പി ധനപാലന്‍, പി.സി തോമസ്, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാരായ എന്‍.സി മോഹനന്‍, കെ.ജെ ജേക്കബ്, ടി.കെ മോഹനന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, വകുപ്പുതല ജില്ലാമേധാവികള്‍, എന്നിവരാണ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."