പരിസ്ഥിതി ദിനാചരണം; വനം വകുപ്പിന് അവഗണന
മാനന്തവാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓര്‍മ മരം പരിപാടിയില്‍ വനം വകുപ്പിന് അവഗണന. ഇന്ന് രാവിലെ ഒന്‍പതിന് കൊളവള്ളിയിലെ കബനീ നദീ തീരത്ത് നടക്കുന്ന ചടങ്ങ് ധനകാര്യ മന്ത്രി തോമസ് ഐസക്കാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായി തയാറാക്കിയ ബഹുവര്‍ണ ബ്രോഷറില്‍ ജില്ലാ ഭരണകൂടവും മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുമാണ് സംഘാടകര്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ എവിടെയും വനം വകുപ്പിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. സൗത്ത് വയനാട് വനം ഡിവിഷന് കീഴിലെ കൊളവള്ളിയിലെ റിസര്‍വ്ഡ് വനത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതും വൃക്ഷതൈ നടുന്നതും. 20000 ത്തോളം വൃക്ഷ തൈകളാണ് സാമൂഹ്യ വന വല്‍ക്കരണ വിഭാഗം തങ്ങളുടെ നഴ്‌സറിയില്‍ നിന്നും എത്തിച്ച് കൊടുത്തത്. ജില്ലയിലെ എം.എല്‍.എമാര്‍, എം.പി, മറ്റ് ജന പ്രതിനിധികള്‍ എന്നിവരെയെല്ലാം ആശംസ പ്രസംഗകരുടെ കൂട്ടത്തിലുണ്ടെങ്കിലും ജില്ലയിലെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പേരുകള്‍ സാന്നിധ്യത്തില്‍ മാത്രമായി ഒതുക്കുകയായിരുന്നു.
ഇതേ ബ്രോഷര്‍ വാര്‍ത്താ കുറിപ്പായും നല്‍കിയത് സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പിനെ കൂടി ഉള്‍പ്പെടുത്തി പുതിയ ബ്രോഷര്‍ അടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും പറയപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് പരിസ്ഥിതി ദിനത്തിലെ മുഖ്യ സംഘാടകരായ വനം വകുപ്പും ഉദ്യോഗസ്ഥരും വെറും കാഴ്ചക്കാരായി മാറാന്‍ ഇടയാക്കിയതെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."