ചേളാരി ഹൈസ്കൂളിന്റെ പഴക്കംചെന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിത്തുടങ്ങി
തേഞ്ഞിപ്പലം: ചേളാരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പഴക്കംചെന്നകെട്ടിടങ്ങള് പൊളിച്ചുനീക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. സ്കൂള്‍ കെട്ടിടം ലേലത്തില്‍ വിറ്റതനുസരിച്ചാണ് പൊളിച്ചുനീക്കുന്നത്. ഈമാസം 20ന് മുന്‍പായി രണ്ടു കെട്ടിടങ്ങളും പൂര്‍ണമായും പൊളിച്ചുനീക്കാനാണ് അധികൃതരുടെ നിര്‍ദേശം. കെട്ടിടം പൊളിച്ചുനീക്കുന്നതോടെ അരനൂറ്റാണ്ട് കാലം അക്ഷരങ്ങള്‍ മുഴങ്ങിയ ഗ്രാസിംഹാള് ഇനി ഓര്‍മയാകും. ഗ്രാസിം ഇന്റസ്ട്രീസ് ഉടമ ജി ഡി.ബിര്‍ള നിര്‍മിച്ചു നല്കിയതായിരുന്നു സ്കൂള്‍ കെട്ടിടം. ചേളാരിയിലെ പഴയ എയര്‍പോര്‍ട്ടിന് (ഇന്നത്തെ ഐ.ഒ.സി പ്ലാന്റ് ) സമീപമായിരുന്നു നേരത്തേ സ്കൂള്‍ നിലനിന്നിരുന്നത്. എയര്‍സ്ട്രിപ്പ് വികസനത്തിനായി സ്കൂള്‍ പിന്നീട് ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
ക്ലാസ് മുറികളുടെ കുറവ് കാരണം അക്കാലത്ത് പ്രദേശത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും നാട്ടുകാരും സ്കൂള്‍ അധ്യാപകരും ചേര്‍ന്ന് ജി ഡി.ബിര്‍ളയെ സമീപിച്ച് നിവേദനം സമര്‍പ്പിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഗ്രാസിംഹാള് എന്ന പേരില്‍ ബിര്‍ള പുതിയ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ച് നല്‍കിയത്. ഏഴു ക്ലാസ്മുറികളായിരുന്നു ഇതില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഗ്രാസിംഹാള് പൊളിച്ചു മാറ്റുന്ന മുറയ്ക്ക് അതേസ്ഥലത്ത് ഇനി പുതിയ കെട്ടിടം പണിയും. പി.എം ആലിക്കുട്ടിഹാജി നല്കിയ സ്ഥലത്താണ് ചേളാരിയില്‍ സ്കൂള്‍ നിര്‍മിക്കുന്നത്. കെട്ടിടത്തില്‍ 25 ക്ലാസ്മുറികളുണ്ടാകും. നബാര്‍ഡ് ഫണ്ട് മൂന്നുകോടി എഴുപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."