സി.പി.ഐ സെമിനാര്‍: രാജ്യത്തിന്റെ മതേതരത്വം നിലനിര്‍ത്തുന്നത് പൗരന്റെ കടമയെന്ന്
കൊല്ലം: രാജ്യത്തിന്റെ മതേതരത്വം നിലനിര്‍ത്തുക എന്നത് ജനാധിപത്യബോധമുള്ള പൗരന്റെ കടമയാണെന്ന് സി.പി.ഐ ദേശീയ കൗണ്‍സിലംഗം കെ. പ്രകാശ്ബാബു.
മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടികലര്‍ത്തരുത്. മതം മതത്തിന്റെയും രാഷ്ട്രീയം രാഷ്ട്രീയത്തിന്റെയും വഴിയില്‍ പോകണം. ഇവ കൂട്ടിക്കുഴയ്ക്കാന്‍ ശ്രമിച്ചാല്‍ അനാവശ്യമായ സംഭവങ്ങള്‍ക്ക് അവ ഇടയാക്കും. മതപരമായ ചിന്ത ഒരു വ്യക്തിയുടെ വിശ്വാസത്തെ ബാധിക്കുന്നതാണെങ്കില്‍ മതേതരത്വം രാജ്യത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണ്.
ഇന്ത്യയെ മതനിരപേക്ഷ രാജ്യമായി നിലനിര്‍ത്താനാണ് സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ ഭരണകര്‍ത്താക്കള്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സമകാലിക രാഷ്ട്രീയത്തില്‍ മതം പരസ്യമായി രാഷ്ട്രീയത്തിലിടപെടുന്ന അപകടകരമായ സ്ഥിതിവിശേഷമുണ്ടായിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ മഠാധിപതി മുഖ്യമന്ത്രിയായതിന്റെ അപകടങ്ങള്‍ നാം കാണുന്നുണ്ട്.
ഇന്ന് രാജ്യം ഭരിക്കുന്ന ബി.ജെ.പി-എന്‍.ഡി.എ കക്ഷികളുടെ നീക്കങ്ങള്‍ കോടതിയുടെ പോലും പരാമര്‍ശങ്ങളും നിരീക്ഷണവും ക്ഷണിച്ചുവരുത്തുന്നു. രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പരിശോധിച്ചാല്‍ മതാധിഷ്ഠിതമായല്ല രാജ്യം പിറവിയെടുത്തതെന്ന് വ്യക്തമാണ്.
കമ്മ്യൂനിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതുമുതലും സ്വാതന്ത്ര്യം നേടിയതിനുശേഷവും മതത്തെ സംബന്ധിച്ചും മതേതരത്വത്തെ സംബന്ധിച്ചുമുള്ള കാഴ്ചപ്പാട് ഒന്നുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ മോഡറേറ്ററായിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍, ജെ ചിഞ്ചുറാണി, സെമിനാര്‍ സബ്കമ്മിറ്റി കണ്‍വീനര്‍ പി.എസ് സുപാല്‍, ജെ . ചിഞ്ചുറാണി, ജി. ലാലു സംബന്ധിച്ചു. ആര്‍. വിജയകുമാര്‍, എ. ബിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."