ആയുര്‍വേദ കോളജ്-കുന്നുംപുറം റോഡ്: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും; വി.എസ് ശിവകുമാര്‍
തിരുവനന്തപുരം: ആയുര്‍വേദ കോളജ്-കുന്നുംപുറം റോഡ് നിര്‍മാണത്തിലുണ്ടായിരുന്ന തടസങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ അറിയിച്ചു.
ഇതു സംബന്ധിച്ച് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊണ്ടു.
2.34 കോടിരൂപ ചിലവഴിച്ച് റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് ആയുര്‍വേദ കോളജില്‍ നിന്നും ഭൂമി വിട്ടുനല്‍കുന്നതിനുള്ള എന്‍.ഒ.സി ഉടന്‍ ലഭ്യമാക്കും.
ആയുര്‍വേദകോളജില്‍ നിന്നും സ്ഥലമേറ്റെടുക്കുന്നതിനെത്തുടര്‍ന്ന് പൊതു മരാമത്ത് വകുപ്പ് സൈഡ് വാള്‍ നിര്‍മിച്ചുനല്‍കും. ആയുര്‍വേദ കോളജ് ആശുപത്രി കാന്റീനിനു വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കുന്നതു സംബന്ധിച്ച് ആശുപത്രി വികസന സമിതി യോഗം ഉടന്‍ വിളിച്ചു ചേര്‍ത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ആയുര്‍വേദ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
റോഡ് വികസനത്തെത്തുടര്‍ന്ന് സ്വിവറേജ് മാന്‍ഹോള്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പൊതു മരാമത്ത്് വകുപ്പ് സ്വീകരിക്കുന്നതാണ്.
വാട്ടര്‍ അതോറിറ്റി രണ്ടു വശത്തുകൂടെയും പുതിയ ലൈനുകള്‍ സ്ഥാപിച്ച് കുടിവെള്ള വിതരണ സംവിധാനം മെച്ചപ്പെടുത്തും.
ഭാവിയില്‍ റോഡ് വെട്ടിപ്പൊളിക്കാതിരിക്കാന്‍ ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി.യുമായി സഹകരിച്ച് പുതിയ ഡക്ടുകള്‍ സ്ഥാപിച്ച് പുതിയ ലൈനുകള്‍ ഇടും. റോഡ് നിര്‍മാണത്തോടനുബന്ധിച്ച് വശങ്ങളില്‍ ഓടകള്‍ നിര്‍മ്മിച്ച് മഴ വെള്ളം ആമയിഴഞ്ചാന്‍ തോട്ടിലേക്ക് സുഗമമായി ഒഴുക്കി വിടുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഈ പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) വി.ആര്‍ വിനോദ്, പൊതു മരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, സ്‌പെഷ്യല്‍ ബില്‍ഡിങ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ബി.എസ്.എന്‍.എല്‍ സീനിയര്‍ സബ്ഡിവിഷനല്‍ എഞ്ചിനീയര്‍, വാട്ടര്‍ അതോറിറ്റി, സ്വിവറേജ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."