പുറമ്പോക്ക് ഭൂമി കൈയേറ്റം:കലക്ടറുടെ നടപടി വിവാദത്തില്‍
കോഴിക്കോട്: പുറമ്പോക്ക് കൈയേറിയെന്ന ആരോപണത്തില്‍ റവന്യൂ രേഖകള്‍ പരിശോധിക്കുന്നതിനു പകരം ആരോപണവിധേയരായവരുടെ പക്കലുള്ള രേഖ തന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ കലക്ടറുടെ നടപടി വിവാദമാകുന്നു.
ചക്കിട്ടപാറയിലെ സി.എസ്.ഐ പള്ളിക്ക് അനുകൂലമായി കോഴിക്കോട് ജില്ലാ കലക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിനെ ചൊല്ലിയാണ് വിവാദം. റവന്യൂ രേഖകള്‍ക്ക് പകരം കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആധാരമാക്കിയത് പള്ളിയിലെ മാമോദീസ, ശവസംസ്‌കാര രജിസ്റ്ററുകളാണെന്നാണ് ആരോപണം. പള്ളിയുടെ കൈയേറ്റം ശരിവയ്ക്കുന്ന റവന്യൂ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിനായി കലക്ടര്‍ പള്ളി രേഖകളെ തന്നെ ആശ്രയിച്ചത്.
ചക്കിട്ടപാറയില്‍ സി.എസ്.ഐ പള്ളിയോട് ചേര്‍ന്നുള്ള സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നാല് ഏക്കര്‍ പതിനൊന്ന് സെന്റ് ഭൂമി പള്ളിക്കുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോള്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മലപ്പുറം സ്വദേശി സോളമന്‍ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി ജില്ലാ കലക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 1964 മുന്‍പേ ഭൂമി പള്ളിയുടെ കൈവശമാണുള്ളതെന്നും പള്ളിയിലെ അക്കൗണ്ട് ബുക്കും മാമോദീസ രേഖയും ശവസംസ്‌കാരം രജിസ്റ്ററും ഇത് ശരിവയ്ക്കുന്നുവെന്നാണ് കലക്ടര്‍ യു.വി ജോസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
അതേ സമയം ഈ നാല് ഏക്കര്‍ ഭൂമി പുറമ്പോക്ക് ഭൂമിയാണെന്ന് വ്യക്തമാക്കി നേരത്തെ ചക്കിട്ടപാറ വില്ലേജ് ഓഫിസര്‍ സാക്ഷ്യപത്രം നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് കൊയിലാണ്ടി തഹസില്‍ദാറും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി നല്‍കിയിരുന്നു.
ഭൂമി ക്രമവിരുദ്ധമായാണ് കൈവശം വച്ചിരിക്കുന്നതെന്നാണ് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടും. ലാന്‍ഡ് ട്രൈബ്യൂണല്‍ രേഖകളിലും ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിന് തന്നെയാണ്. ഈ റിപ്പോര്‍ട്ടുകളോ രേഖകളോ കലക്ടര്‍ പരിശോധിച്ചില്ലെന്നാണ് ഹരജിക്കാരന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."