ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു: പൊലിസിലെ'ഇടിയന്‍' സംഘത്തെ നിയന്ത്രിച്ചില്ല
തിരുവനന്തപുരം: എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇടിയന്‍ സംഘത്തെ (റൂറല്‍ ടാസ്‌ക് ഫോഴ്‌സിനെ) പിരിച്ചുവിടണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന പൊലിസ് മേധാവി അവഗണിച്ചതാണ് വരാപ്പുഴയിലെ കസ്റ്റഡി മരണത്തിന് കാരണമായതെന്ന് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന്‍.
പല തവണ ഈ സംഘത്തിനെതിരേ പരാതികളുണ്ടായിരുന്നിട്ടും ഡി.ജി.പി മുഖവിലയ്‌ക്കെടുത്തിട്ടില്ല. റൂറല്‍ എസ്.പിയുടെ കീഴിലുള്ള ലോക്കല്‍ സ്റ്റേഷനുകളിലെ പൊലിസുദ്യോഗസ്ഥര്‍ അസോസിയേഷനില്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് അസോസിയേഷനും ഡി.ജി.പിയ്ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടാസ്‌ക് ഫോഴ്‌സിനെ പിരിച്ചുവിടാന്‍ പൊലിസ് മേധാവി തയാറായിരുന്നില്ല.
പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടത്തുക, പിടികൂടി സ്റ്റേഷനുകളില്‍ എത്തിയ്ക്കുക, ഗുണ്ടകളെ അമര്‍ച്ച ചെയ്യുക എന്നതടക്കമുള്ള ഡ്യൂട്ടിയാണ് സ്‌ക്വാഡിന് എസ്.പി നല്‍കിയിരുന്നത്. നിരവധി തവണ പ്രതികളോടും മറ്റും മോശമായി സംസാരിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതു സംബന്ധിച്ച് സ്‌ക്വാഡ് അംഗങ്ങള്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്‌ക്വാഡില്‍ എല്ലാവരും എ.ആര്‍ ക്യാംപില്‍ നിന്നുള്ള പൊലിസുകാരാണ്. കൂടാതെ യൂനിഫോം ധരിക്കാതെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍വരെ രാത്രി റെയ്ഡ് നടത്തിയിരുന്നു. ഇക്കാര്യം ലോക്കല്‍ സ്റ്റേഷനുകളിലെ സി.ഐമാര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും റൂറല്‍ എസ്.പിയുടെ വിശ്വസ്തരായതിനാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചില്ല.
റൂറല്‍ പ്രദേശത്തെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനാണ് ഈ സ്‌ക്വാഡ് രൂപീകരിച്ചതെന്നാണ് ജോര്‍ജ് ജില്ലാ പൊലിസ് മേധാവിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട്. ഇവര്‍ കൈകാര്യം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ വടക്കന്‍ പറവൂരില്‍ മുങ്ങിമരിക്കാന്‍ ഇടയായ സാഹചര്യത്തിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം നടത്തിയത്.
രഹസ്യാന്വേഷണത്തില്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം പൊലിസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണെന്നും, പൊലിസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്ന സി.ഐക്കോ എസ്.ഐക്കോ ഇവരുടെമേല്‍ ഒരധികാരവുമില്ലെന്നും അതിനാല്‍ ഈ സ്‌ക്വാഡിനെ പിരിച്ചുവിട്ട് ഇതിലെ അംഗങ്ങളെ എ.ആര്‍ ക്യാംപിലേക്ക് മടക്കി അയക്കണമെന്നും, സ്‌ക്വാഡ് നിലനിര്‍ത്തണമെങ്കില്‍ അത് ലോക്കല്‍ സ്റ്റേഷന്റെ നിയന്ത്രണത്തിലാകണമെന്നുമായിരുന്നു ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട്. എന്നിട്ടും നിയന്ത്രണമേതും ഇല്ലാതെ നിലനിര്‍ത്തിപ്പോന്ന സ്‌ക്വാഡിന് തന്നെയാണ് ഇപ്പോഴത്തെ കസ്റ്റഡി മരണത്തില്‍ പ്രധാന പങ്കെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
വരാപ്പുഴ ദേവസ്വംപാടത്തുനിന്ന് കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി എസ്.പിയുടെ നിര്‍ദേശപ്രകാരം സ്‌ക്വാഡ് പിടികൂടിയ ശ്രീജിത്ത് അടക്കമുള്ളവരെ എന്തെല്ലാം ചെയ്തു, എവിടെയെല്ലാം കൊണ്ടുപോയി എന്ന കാര്യത്തില്‍ ലോക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ ധാരണയൊന്നുമില്ല. പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പോകുമ്പോള്‍ സ്‌ക്വാഡിനൊപ്പം എസ്.ഐ ഉണ്ടായിരിക്കണമെന്ന ചട്ടവും ഇവര്‍ ലംഘിച്ചു. പൊലിസില്‍ ഇത്തരം സ്‌പെഷല്‍ ടീമുകള്‍ ആവശ്യമില്ലന്ന് 2010ല്‍ അന്ന് ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആ സര്‍ക്കുലര്‍ ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു. എസ്.പിയുടെ പ്രത്യേക താല്‍പര്യ പ്രകാരം തന്നെയാണ് ശ്രീജിത്തിനെ പിടികൂടാന്‍ മൂന്നംഗ സംഘം പോയത്. പിടികൂടിയതിനുശേഷവും തല്ലിച്ചതച്ചതിനുശേഷവും എസ്.പിയുമായി സംഘം ആശയ വിനിമയം നടത്തിയതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."