വിഷുവും അവധിയും; തിരക്കിലമര്‍ന്ന് വിപണിയും നിരത്തുകളും
സ്വന്തം ലേഖിക
കൊച്ചി: വിഷു ആഘോഷത്തിന് മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കേ തിരക്കിലമര്‍ന്ന് വിപണി. അവധിക്കാലംകൂടിയായതോടെ നിരത്തുകളും ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിലാണ്. വിഷുവിപണി ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സജീവമായത്. തുണിക്കടകളിലും പച്ചക്കറിക്കടകളിലും കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പടക്ക വില്‍പനക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പടക്ക കടകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.
എന്നാല്‍, നിബന്ധനകള്‍ പാലിച്ച് തുറന്നിരിക്കുന്ന പടക്ക വില്‍പനശാലകളില്‍ വന്‍ തിരക്കുമുണ്ട്. പതിവുപോലെ ചൈനീസ് ഉല്‍പന്നങ്ങളാണ് പടക്ക വിപണി കൈയടക്കിയിരിക്കുന്നത്. കടുത്ത ചൂട് പരിഗണിച്ചാണ് പടക്ക വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിവിധ പച്ചക്കറി ഇനങ്ങള്‍ക്ക് വിലക്കുറവ് അനുഭവപ്പെടുന്നുണ്ട്. കൂടാതെ, ജൈവ കര്‍ഷക സംഘങ്ങളും മറ്റും വിഷമില്ലാത്ത നാടന്‍പച്ചക്കറികളുടെ താല്‍ക്കാലിക സ്റ്റാളുകളും തുറന്നിട്ടുണ്ട്. അതേസമയം, മാമ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളുടെ വില ഉയര്‍ന്നുതന്നെ നില്‍ക്കുകയുമാണ്. ഓണത്തെ അപേക്ഷിച്ച് വില്‍പന കുറവാണെങ്കിലൂം, വസ്ത്ര ശാലകളിലും തിരക്കിന് കുറവൊന്നുമില്ല. വിഷുക്കോടി ഉടുത്ത് വിഷുകൈനീട്ടം വാങ്ങുകയെന്ന സങ്കല്‍പ്പമാണ് ഇപ്പോഴും വസ്ത്രശാലകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത വേനല്‍മഴ തെരുവ് കച്ചവടക്കാര്‍ക്ക് ചെറിയതോതില്‍ തിരിച്ചടിയായിരുന്നു.
അതിനിടെ, അവധിക്കാലമായതോടെ നഗരത്തിലെ ഷോപ്പിങ് ് മാളുകളിലുംപാര്‍ക്കുകളിലും സന്ദര്‍ശകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കൊച്ചി മെട്രോ യാത്രകൂടി ലക്ഷ്യംവെച്ച് കുടുംബവുമായി കൊച്ചി സന്ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണംവന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ചൂട് വര്‍ധിച്ചതോടെ നഗരത്തിലെ പാര്‍ക്കുകളിലും മറൈന്‍ഡ്രൈവ് പോലുള്ള തുറന്ന സ്ഥലങ്ങളിലും സായാഹ്നം ചെലവഴിക്കാനെത്തുന്ന കുടുംബങ്ങളുടെ എണ്ണവും കൂടി. ഇതോടെ, നിരത്തുകള്‍ ഗതാഗത തിരക്കിനാല്‍ വീര്‍പ്പുമുട്ടുകയാണ്.
കൊച്ചി മെട്രോയുടെ വൈറ്റിലവരെയുള്ള രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി എറണാകുളം കോളജ് ഗ്രൗണ്ട് മുതല്‍ വൈറ്റില വരെയുള്ള പ്രധാന റോഡുകളില്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ദീര്‍ഘദൂര വാഹനങ്ങള്‍ പലതും തേവര-കുണ്ടന്നൂര്‍ റോഡ് വഴി തിരിച്ചുവിടുന്നുമുണ്ട്. പൊതുവെ വീതി കുറഞ്ഞ തേവര-കുണ്ടന്നൂര്‍ റോഡും ഇതോടെ ഗതാഗതക്കുരുക്കിലമര്‍ന്നു. വൈറ്റിലയില്‍ മേല്‍പ്പാല നിര്‍മാണത്തിനായി റോഡിന്റെ മധ്യഭാഗം അടച്ചതോടെ തൃശൂര്‍ ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തുനിന്നുംവരുന്ന വാഹനങ്ങളും മണിക്കൂറുകളോളം വാഹനക്കുരുക്കില്‍ ഇഴഞ്ഞ് നീങ്ങുകയാണ്.
നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെയാണ് ഇത് ഏറെ വലക്കുന്നത്. സമയം പാലിച്ച് ഓടിയെത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് സ്വകാര്യ ബസുകള്‍. ഗതാഗതക്കുരുക്കില്‍ നഷ്ടപ്പെടുന്ന സമയം തിരിച്ചുപിടിക്കാനായി മറ്റ് ഭാഗങ്ങളില്‍ ഇവര്‍ അമിത വേഗതയെടുക്കുന്നതും അപകടകരമായ രീതിയില്‍ വാഹനങ്ങളെ മറികടക്കുന്നതും കാറുകളിലും ബൈക്കുകളിലും യാത്ര ചെയ്യുന്നവരെ ഭീതിയിലാഴ്ത്തുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."