ചേലക്കര മോഷണ പരമ്പര: അന്വേഷണത്തിന് പ്രത്യേകസംഘം
ചേലക്കര: നാടിനെയൊന്നാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി നടന്ന മോഷണ പരമ്പരയുടെ ഭീതി വിട്ടുമാറാതെ നാട്. സ്വര്‍ണവും മൊബൈല്‍ ഫോണുകളും പണവും സ്‌കൂട്ടറും കവര്‍ന്ന മോഷ്ടാക്കള്‍ ചുരിദാറും വിദേശമദ്യവുമടക്കം കിട്ടാവുന്നതൊക്കെ അടിച്ചു മാറ്റിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ സി.ഐ വിജയകുമാരന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി.
ഇതര സംസ്ഥാനക്കാരാണു മോഷ്ടാക്കള്‍ എന്ന സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സംഘം തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെത്തി അന്വേഷണം നടത്തും. അതിനിടെ മോഷണത്തിനു പിന്നില്‍ മലയാളികളാണെന്ന സംശയവും ശക്തമായിട്ടുണ്ട്. വീടുകളില്‍ കയറിയ മോഷണസംഘാംഗങ്ങള്‍ മലയാളത്തില്‍ സംസാരിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. വീടുകളില്‍ നിന്നു ലഭിച്ചിട്ടുള്ള വിരലടയാളം കേന്ദ്രീകരിച്ചാണു ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ ഇന്നലെ പാഞ്ഞാള്‍ ചിറങ്കോണത്തും പഴയന്നൂര്‍ പുത്തിരി തറയിലും പാതയോരത്തു വസ്ത്രങ്ങള്‍ കൂടി കിടക്കുന്നതു കണ്ടതു ആശങ്ക സൃഷ്ടിച്ചു. ചേലക്കരയിലെ വിവിധ വീടുകളില്‍ നിന്നു മോഷ്ടാക്കള്‍ കവര്‍ന്ന വസ്ത്രങ്ങളാണിതെന്ന വാര്‍ത്ത പരന്നതോടെ ഉന്നത പൊലിസ് അധികൃതര്‍ സ്ഥലത്തെത്തി. വസ്ത്രങ്ങള്‍ മോഷണം പോയ വീട്ടുകാരെ സ്ഥലത്തെത്തിച്ചു പരിശോധന നടത്തിയെങ്കിലും വസ്ത്രങ്ങള്‍ ഇവരുടേതല്ലെന്നു സ്ഥിരീകരിച്ചു. പ്രതികളെ എത്രയും പെട്ടെന്നു കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു അന്വേഷണ സംഘം. ചേലക്കരയിലും പരിസര പ്രദേശങ്ങളിലും രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."