മമ്പറത്ത് പുതിയ പാലം: നിര്‍മാണം തുടങ്ങിയത് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍
കൂത്തുപറമ്പ്: മമ്പറത്ത് പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത് പ്രദേശവാസികളുടെയും യാത്രക്കാരുടേയും നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍.
അമ്പത് വര്‍ഷത്തോളം പഴക്കമുള്ളതാണ് നിലവിലുള്ള മമ്പറം പാലം. പത്ത് വര്‍ഷം മുമ്പാണ് പാലത്തിന്റെ സ്ലാബിന് കേടുപാടുകള്‍ വന്ന് അപകടാവസ്ഥയിലായത്. അന്നു മുതല്‍ പുതിയ പാലത്തിനുള്ള നിര്‍ദ്ദേശം വിവിധ കോണുകളില്‍ നിന്നുമായി ഉയര്‍ന്നു വന്നു.
പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതോടെ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
കണ്ണൂര്‍ ജില്ലയിലെ ധര്‍മടം നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വേങ്ങാട്, പെരളശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ ചൊവ്വ,കൂത്തുപറമ്പ് റോഡിലാണ് നിലവിലുള്ള മമ്പറം പാലം. അപകടാവസ്ഥയിലായ ഈ പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം നിര്‍മിക്കുക. ധര്‍മടം പാലത്തിന്റെ നിര്‍മാണ പ്രവൃത്തിയോടനുബന്ധിച്ച് വലിയ വാഹനങ്ങള്‍ മമ്പറം പാലം വഴി തിരിച്ചു വിട്ടതോടെയാണ് പാലത്തിന്റെ ബലക്ഷയം വര്‍ധിച്ചത്.
ഇതേ തുടര്‍ന്ന് പുതിയ പാലം പണിയുന്നതിനായി 2011ല്‍ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചെങ്കിലും പാലത്തിന്റെ അനുബന്ധ റോഡുകള്‍ക്കാവശ്യമായ സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ പ്രവൃത്തി ആരംഭിക്കാനായില്ല. തുടര്‍ച്ചയായ ശ്രമഫലമായിട്ടാണ് അനുബന്ധ റോഡുകള്‍ക്കാവശ്യമായ സ്ഥലം വിട്ടുകിട്ടിയത്. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്.സ്‌കീമില്‍ പ്രവൃത്തി ചെയ്യുന്നതിനായി 2016ല്‍ 13,40,00,000 രൂപയ്ക്ക് ഭരണാനുമതിയും പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ ഉത്തരവ് പ്രകാരം 2018ല്‍ 10,47,00,000 രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചു.തുടര്‍ന്ന് ടെണ്ടര്‍ പ്രകാരം ഊരാളുങ്കല്‍ സൊസൈറ്റിയാണ് രണ്ടു വര്‍ഷത്തെ കാലാവധിയോടെ പാലം നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
നിലവിലുള്ള പാലത്തില്‍ നിന്നും 3 മീറ്റര്‍ അകലത്തില്‍ 125 മീറ്റര്‍ നീളത്തിലുള്ളതാകും പുതിയ പാലം.
ഒരേ സമയം രണ്ടു വാഹനങ്ങള്‍ കടന്നു പോകാനുള്ള ഏഴര മീറ്റര്‍ വീതിയും ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതകളും ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."