ബൈക്കില്‍ ട്രിപ്പിള്‍ വേണ്ട; പിടിവീഴും
തിരുവനന്തപുരം: ബൈക്കില്‍ ചങ്ക്‌സുകളേയും കൂട്ടി ഇനി ട്രിപ്പിളടിക്കാന്‍ നില്‍ക്കേണ്ട. കാരണം ഇതിനെതിരേ നടപടി ശക്തമാക്കാന്‍ സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം നല്‍കി. ബെക്കുകളില്‍ മൂന്നുപേര്‍ ചേര്‍ന്നുള്ള യാത്ര അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതിനാല്‍ അവ തടയുന്നതിന് നിയമനടപടി ശക്തമാക്കണമെന്നാണ് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ബൈക്കിലെ ട്രിപ്പിളടി കണ്ടാല്‍ പൊലിസ് കണ്ണടച്ചുകൊള്ളുമെന്ന ധാരണയും വേണ്ട. നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലുമാണ് ഇത്തരം പ്രവണത കൂടുതലായി കണ്ടുവരുന്നത്.
നിയമപരമായി അനുവദനീയമല്ലാത്ത ഈ 'ട്രിപ്പിള്‍ റൈഡിങ്'നടത്തുന്നവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. അവര്‍ക്കുമാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനയാത്രികര്‍ക്കും ഇത് അപകടവുമുണ്ടാക്കാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ യാത്രചെയ്യുന്ന സംഘങ്ങള്‍ യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നുണ്ട്.
റോഡ് സുരക്ഷ മുന്‍നിറുത്തി ഇത്തരം യാത്രകള്‍ ഒഴിവാക്കണമെന്ന് ഡി.ജി.പി അഭ്യര്‍ഥിച്ചു. ഇവ കണ്ടെത്തുന്നതിനുള്ള പരിശോധനകളും സുരക്ഷിതമായ രീതിയിലാവണം നടത്തേണ്ടത്. ഇത്തരം പ്രവണതകള്‍ നിരുത്സാഹപ്പെടുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇത്തരം പരിശോധനകളുടെ ലക്ഷ്യമെന്നും പരിശോധനാവേളയില്‍ മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണമെന്നും ഡി.ജി.പി ജില്ലാ പൊലിസ് മേധാവിമാര്‍ക്കും ബന്ധപ്പെട്ട മറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."