റോയ് @ജോയ് ഡല്‍ഹി
മുംബൈ: ഐ.പി.എല്ലില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. രണ്ട് തുടര്‍ തോല്‍വികള്‍ക്ക് ശേഷം മുംബൈയെ നേരിടാനിറങ്ങിയ ഡല്‍ഹി ഡയര്‍ഡെവിള്‍സ് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഡല്‍ഹിയുടെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്താണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്.
ഡല്‍ഹിക്കായി അരങ്ങേറിയ ഇംഗ്ലീഷ് താരം ജാസന്‍ റോയിയുടെ അപരാജിത ഇന്നിങ്‌സാണ് അവരുടെ ജയം എളുപ്പമാക്കിയത്. ഓപണറായി ഇറങ്ങിയ താരം 53 പന്തുകള്‍ നേരിട്ട് ആറ് വീതം സിക്‌സും ഫോറും പറത്തി 91 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 47 റണ്‍സെടുത്ത് റിഷഭ് പന്ത് റോയിക്ക് മികച്ച പിന്തുണ നല്‍കി. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ 20 പന്തില്‍ 27 റണ്‍സുമായി റോയിക്കൊപ്പം പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (15), മാക്‌സവെല്‍ (13) എന്നിവരും രണ്ടക്കം കടന്നു. മുംബൈയ്ക്കായി ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും മുസ്താഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റുമെടുത്തു.
ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ സൂര്യകുമാര്‍ യാദവ് (32 പന്തില്‍ 53), എവിന്‍ ലൂയീസ് (28 പന്തില്‍ 48) എന്നിവര്‍ മുംബൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ലൂയീസ് നാല് വീതം സിക്‌സും ഫോറും തൂക്കി. മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷനും (23 പന്തില്‍ 44) മികച്ച പ്രകടനം പുറത്തെടുത്തു. പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായത് മുംബൈയുടെ സ്‌കോറിങിന്റെ വേഗത കുറച്ചു. സ്‌കോര്‍ 200 കടക്കുന്നത് തടയാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്ക് സാധിച്ചു. രണ്ടാം വരവില്‍ മികച്ച ബൗളിങ് പുറത്തെടുത്ത് ട്രെന്റ് ബോള്‍ട്ട്, ഡാന്‍ ക്രിസ്റ്റ്യന്‍, തേവാതിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജാസന്‍ റോയിയാണ് കളിയിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."