അടഞ്ഞ ലോകങ്ങളിലെ ശൂന്യകല്‍പനകള്‍
ദക്ഷിണ ലബനാനിലെ നുമൈറിയ ഗ്രാമത്തില്‍ 1950ല്‍ ജനിച്ച ഹസ്സന്‍ ദാവൂദ് ആഭ്യന്തര കലാപങ്ങള്‍ കലുഷമായ നാളുകളില്‍ ബൈറൂത്തിലേക്കു താമസം മാറിയ കുടുംബത്തിലെ അംഗമായിരുന്നു. സമാനമായ രീതിയില്‍ വിട്ടുപോയ മിക്ക ലബനീസ് കുടുംബങ്ങളെയും പോലെ ദാവൂദ് കുടുംബവും ഗ്രാമവുമായുള്ള ബന്ധം നിലനിര്‍ത്തുകയും എല്ലാ വേനലവധിക്കാലത്തും അവിടം സന്ദര്‍ശിക്കുകയും ചെയ്തുവന്നു. ആഭ്യന്തര സംഘര്‍ഷ കാലത്ത് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച ദാവൂദ് ഒരു സാംസ്‌കാരിക മാഗസിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. ചെറുകഥാകൃത്തും നോവലിസ്റ്റുമെന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ നോവലുകളില്‍ 1998ല്‍ അറബ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയുടെ ഇംഗ്ലിഷ് പരിഭാഷയാണ് 'പെന്‍ഗ്വിനിന്റെ പാട്ട് '. ലബനീസ് ആഭ്യന്തര യുദ്ധത്തിന്റെ ചിത്രമായും, യുദ്ധം ശാരീരികമായി മുറിവേല്‍പ്പിച്ചില്ലെങ്കിലും അതിന്റെ കെടുതികള്‍ ഏറ്റുവാങ്ങേണ്ടി വരുന്നവരുടെ ആത്മീയമുറിവുകളുടെ അടയാളപ്പെടുത്തലായും നോവലിനെ വായിക്കാം. ഒരിക്കലും വരാത്ത സമാധാനനാളുകളെയും അഭയാര്‍ഥിത്വം അവസാനിപ്പിച്ചു സ്വന്തം ഇടങ്ങളിലേക്ക് തിരിച്ചുപോവാന്‍ കഴിയുന്ന ഭാവിയെയും സ്വപ്‌നം കണ്ടു കഴിയുന്നതിന്റെ കാത്തിരിപ്പും മടുപ്പും അടയാളപ്പെടുത്തുന്ന അസ്തിത്വപ്രതിസന്ധിയുടെയും ആവിഷ്‌കാരം കൂടിയാണീ നോവല്‍. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് പറിച്ചെറിയപ്പെടുന്ന ഒരു കുടുംബത്തിന്റെ കഥയിലൂടെ സ്വന്തമായി ഇടം ഇല്ലാതാവുന്നതിന്റെ സംത്രാസവും വീര്‍പ്പുമുട്ടലുമാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.
സംഘര്‍ഷത്തെ തുടര്‍ന്ന് പുരാതന ബൈറൂത്ത് നഗരത്തിലുള്ള ഭവനം വിട്ട് ഏറ്റുമുട്ടലുകള്‍ നേരിട്ടു ബാധിക്കാനിടയില്ലാത്ത ഒരു വിദൂരസ്ഥദേശത്തേക്ക്, പട്ടണത്തെ കാണാവുന്ന ഒരു അപാര്‍ട്ട്‌മെന്റിലേക്ക് താമസം മാറേണ്ടി വരുന്ന കുടുംബത്തിലെ അംഗമായ മുഖ്യകഥാപാത്രം ഒരര്‍ഥത്തില്‍ തന്നില്‍ തന്നെയും തടവിലാണ്. ജന്മനാ ഉള്ള ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ചെറിയ കൈകളും മറ്റനേകം വൈകല്യങ്ങളുമായി കഴിയുന്ന 'പെന്‍ഗ്വിന്‍' തന്റെ കുറവുകളെ കുറിച്ച് ബോധാവാനുമാണ്. ''എന്റെ ശരീരത്തെ കുറിച്ച് എന്റെ മനസിലുണ്ടായിരുന്ന ചിത്രം ഒരിക്കലും ആരുടെയും ദൃഷ്ടി പതിഞ്ഞിട്ടില്ലാത്ത രോഗഗ്രസ്തമായ ഒരു വെളുത്ത പിണ്ഡം എന്നതായിരുന്നു.'' എന്ന് നോവലില്‍ പറയുന്നു.
കുടുംബം ആഭ്യന്തരസംഘര്‍ഷങ്ങളെ അതിജീവിച്ചിരുന്നെങ്കിലും ബൈറൂത്തിന്റെ സംഘര്‍ഷാനന്തര പുതുക്കിപ്പണിയലിന്റെ അനിശ്ചിതത്വങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്കു പോകുന്നതു നിസഹായരായി നോക്കിനില്‍ക്കാനേ അവര്‍ക്കു കഴിയുന്നുള്ളൂ. നഗരമധ്യത്തില്‍ വ്യാപാരിയായിരുന്ന പിതാവിന്റെ കടയും ഉടമസ്ഥസ്ഥലങ്ങളും സര്‍ക്കാര്‍ ഒഴിപ്പിച്ചെടുത്തിരുന്നു. പോകാന്‍ ഒരു തൊഴിലിടമില്ലാതെ, അര്‍ഥപൂര്‍ണമായ നിലനില്‍പ്പു തന്നെയില്ലാതെ, മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനാവശ്യമായ സൗഹൃദങ്ങളോ ബന്ധങ്ങളോ ഇല്ലാതെ വീട്ടില്‍ ചുരുണ്ടുകൂടുന്ന പിതാവ് അതിവേഗം വയസനാകുന്നു. കുടിയിറക്കപ്പെട്ട സമാനാനുഭവമുള്ള പലരും തങ്ങളുടെ പുതിയ ഇടത്തില്‍ നിലനില്‍പ്പിന്റെ തുരുത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്; പഴയ പട്ടണത്തിലെ ഒരു കോണിച്ചുവട്ടില്‍ ഒരു ചെറിയ കച്ചവടമോ റെസ്റ്റോറന്റോ പാതയോരത്ത് ഒരു പെട്ടിക്കടയോ ഒക്കെയായി. എന്നാല്‍ പെന്‍ഗ്വിനിന്റെ കുടുംബം മരുഭൂമിയുടെ പ്രാന്തത്തിലുള്ള അപാര്‍ട്ട്‌മെന്റില്‍ തുരുമ്പു തിന്നുന്നതിനു പിതാവിന്റെയും മകന്റെയും പ്രത്യേക ശാരീരികാവസ്ഥകളും കാരണമാണ്.
പിതാവിന്റെ കാഴ്ചാശക്തി ദുര്‍ബലമാകുകയും അതിവേഗം അന്ധത ബാധിക്കുകയും ചെയ്യുന്നു. സ്വതേ പ്രശ്‌നങ്ങളുള്ള മകനു തന്റെ പുസ്തകങ്ങളോടൊപ്പം പിതാവിനു കൂട്ടിരിക്കുക എന്ന ദൗത്യവും വന്നുചേരുന്നു. വ്യാപാരകാലത്തു സ്വരുക്കൂട്ടിയിരുന്ന സമ്പാദ്യം എത്ര അരിഷ്ടിച്ചിട്ടും തീര്‍ന്നുപോകുന്നതും ഇനിയെന്ത് എന്ന ചോദ്യം ഉത്തരമില്ലാത്ത പ്രഹേളികയാവുന്നതും ദുര്‍ബലനായ മകനില്‍ ഒരു രക്ഷകനെ കാണാനാവാത്തതും അയാളെ മഥിക്കുന്നുണ്ട്. വിഷാദരോഗത്തിനടിപ്പെടുന്ന അയാള്‍, വിക്ഷുബ്ധപ്രകൃതമുള്ള ഭാര്യയുമായി എപ്പോഴും വഴക്കിടുന്നു. ഉമ്മയുടെ ചൂടന്‍ പ്രകൃതം പിതാവിന്റെ തകര്‍ച്ചയെ കൂടുതല്‍ വഷളാക്കിയെന്ന് പെന്‍ഗ്വിന്‍ നിരീക്ഷിക്കുന്നുണ്ട്. ഉമ്മയാവട്ടെ, കുടുംബത്തിനു ഭക്ഷണമൊരുക്കിയും ബാക്കിവരുന്നതെന്തും ശ്രദ്ധാപൂര്‍വം അടുത്ത സമയത്തേക്കായി കാത്തുവച്ചും ഇടക്കൊന്നു പുറത്തിറങ്ങുകയും തൊട്ടടുത്ത അപാര്‍ട്ട്‌മെന്റുകളിലെ അയല്‍ക്കാരെ സന്ദര്‍ശിക്കുകയും ചെയ്യുന്നതിലൂടെ ജീവിച്ചിരിക്കുന്നുവെന്ന സങ്കല്‍പത്തിന്റെ ഒരു ദുര്‍ബലമായ പ്രതീതി സൃഷ്ടിച്ചും മടുപ്പിന്റെയും ശൂന്യതയുടെയും ഭ്രാന്തമായ പിടിമുറുക്കത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ പുറത്തുപോകുന്ന അവര്‍ ഇനി തിരികെവരില്ലേ എന്ന ആശങ്ക പലപ്പോഴും മകനെയും ഭര്‍ത്താവിനെയും പിടികൂടുന്നു. എന്നാല്‍ പിതാവിന്റെയും മാതാവിന്റെയും ഏറ്റവും വലിയ ഉത്കണ്ഠ പക്ഷെ മറ്റൊന്നാണ്: ശാരീരിക പരിമിതികളുള്ള മകന്‍.
കഥാപാത്രങ്ങള്‍ക്കൊന്നും നോവലില്‍ പേര് പറയുന്നില്ല എന്നത് അവര്‍ തള്ളിനീക്കുന്ന അവസ്ഥയുടെ പ്രാതിനിധ്യസ്വഭാവം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട് എന്നു പറയാം. ആഖ്യാതാവായ പെന്‍ഗ്വിന്‍, യുദ്ധത്തിന്റെ പരിണതിയും തന്റെ ശാരീരികപരിമിതിയും സൃഷ്ടിക്കുന്ന ഇരട്ട ഏകാന്തത കാരണം അപാര്‍ട്ട്‌മെന്റ് ജീവിതത്തിലെ ഏറ്റവും ചെറിയ ചലനങ്ങളോടു പോലും അതീവ സംവേദനക്ഷമത വളര്‍ത്തിയെടുത്തിരിക്കുന്നു. ഭ്രാന്തമായ ആ സംവേദനക്ഷമതയോടെ അതെല്ലാം രേഖപ്പെടുത്തുന്ന അയാള്‍ കിട്ടുന്നതെന്തും വായിച്ചുകൊണ്ടുമിരിക്കുന്നു. തൊട്ടുതാഴെ അപാര്‍ട്ട്‌മെന്റിലുള്ള കൗമാരക്കാരിയോട് അതിതീക്ഷ്ണമായ ഒരാസക്തിയും അയാളിലുണ്ട്. അവളുടെ മുറിയില്‍ അവള്‍ നടക്കുന്നതിന്റെ പദസ്വനങ്ങളും കണ്ണാടിക്കു മുന്നില്‍ അവള്‍ തന്നെത്തന്നെ കാണുന്നതിന്റെയും വിവസ്ത്രയാകുന്നതിന്റെയും സങ്കല്‍പനങ്ങളും അവന്റെ ഭ്രമചിന്തകളെ ചൂടു പിടിപ്പിക്കുന്നുണ്ടെങ്കിലും സ്വതേയുള്ള അപകര്‍ഷതാബോധവും വീട്ടിലെ ചുറ്റുപാടുകളും കാരണം എല്ലാം ഉള്ളില്‍ ഒതുക്കാന്‍ മാത്രമേ അവനു കഴിയൂ. അവളുടെ ഉമ്മയും തന്റെ ഉമ്മയുടെ സുഹൃത്തുമായ സ്ത്രീയുടെ ഉടല്‍ നിറവുകളും അവന്റെ രതിസ്വപ്‌നങ്ങള്‍ക്കു നിറം പകരുന്നുണ്ട്. അത്തരം സങ്കല്‍പങ്ങളും ഭാവനയില്‍ കാണുന്ന സംഗമങ്ങളും ഇടകലരുന്ന അയാളുടെ മനോവ്യാപാരങ്ങളിലൂടെയാണു കൗമാര- യൗവനാരംഭ സങ്കീര്‍ണതകളെ നോവലിസ്റ്റ് ആവിഷ്‌കരിക്കുന്നത്.
പറിച്ചെറിയപ്പെടുന്നതിന്റെ ഫലമായ മാനസികാവസ്ഥ, എന്തു ചെയ്യേണ്ടുവെന്നറിയാത്ത വ്യര്‍ഥബോധം, അനിശ്ചിതമായി നീണ്ടുപോകുമ്പോഴും ഉപേക്ഷിക്കാനാവാത്ത തിരിച്ചുപോക്കെന്ന സ്വപ്‌നത്തിന്റെ മോഹഭംഗം തുടങ്ങിയവ കഥാപാത്രങ്ങള്‍ പെട്ടുപോകുന്ന 'ലിംബോ' അവസ്ഥയുടെ നാനാര്‍ഥങ്ങളാണ്. താല്‍ക്കാലികം എന്നു കരുതിയ കുടുസുമുറികളിലെ ജീവിതം ഏതാണ്ടു ശാശ്വതമാണെന്ന ബോധ്യത്തിലേക്ക് ബോധമനസ് നയിക്കുമ്പോഴും അതംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിന്റെ ഇച്ഛാഭംഗമാണു കുടുംബാന്തരീക്ഷം കലുഷിതമാക്കുന്നതും പെന്‍ഗ്വിന്‍ തന്റെ സ്വപ്‌ന-ഫാന്റസി ലോകത്ത് കൂടുതല്‍ കൂടുതല്‍ മുഴുകാന്‍ ഇടയാക്കുന്നതും. മറ്റുള്ളവര്‍ തന്നെ കുറിച്ച് ഗോസിപ്പുകള്‍ പരത്തുന്നുണ്ടെന്ന് അയാള്‍ ചിന്തിക്കുന്നത് തന്റെ മനോവ്യാപാരങ്ങളില്‍ അയാള്‍ക്കനുഭവപ്പെടുന്ന ലജ്ജയുടെ മറുപുറമാണ്.
പതിമൂന്നു വര്‍ഷം നീളുന്ന ഒരു അടഞ്ഞ ജീവിതത്തിന്റെ ബാക്കിപത്രത്തില്‍ ഏതാണ്ട് അനാഥനായി മരിക്കുന്ന പിതാവും ജീവിതസംതൃപ്തി എന്തെന്നറിഞ്ഞിട്ടില്ലാത്ത മാതാവും അവന്റെ തീരാവേദനകളാണ്. ആവര്‍ത്തനസ്വഭാവമുള്ള ആഖ്യാനം ഒരു മാറ്റവുമില്ലാത്ത ജീവിതത്തിന്റെ രൂപകമായിത്തീരുന്നത്, ഫാന്റസികളുടെ സുദീര്‍ഘവും അതിസ്ഥൂലമെന്നു തോന്നിക്കാവുന്നതുമായ വിവരണങ്ങളില്‍ മാത്രമല്ല സര്‍ക്കാര്‍ നടപടികളുടെ അനന്തമായ നീണ്ടുപോക്കിനെ കുറിച്ചുള്ള ആവര്‍ത്തനങ്ങളിലും കാണാവുന്നതാണ്. നോവലിന്റെ അവസാന ഭാഗങ്ങളില്‍ പല അധ്യായങ്ങളും തുടങ്ങുന്നതു തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന പാര്‍പ്പിടങ്ങളുടെ നിര്‍മാണം തുടങ്ങുക പോലും ചെയ്തിട്ടില്ലെന്ന വസ്തുത ആവര്‍ത്തിച്ചുകൊണ്ടാണ്. ആവര്‍ത്തനസ്വഭാവമുള്ളതും സാന്ദ്രവുമായ ഭാഷയിലുള്ള വാചകഘടനയും തികച്ചും അപൂര്‍ണനും പരിമിതനുമായ നായകകഥാപാത്രവും പോയ കാലത്തെ കുറിച്ചുള്ള നിരന്തരമായ പതംപറച്ചിലും പരിഗണിക്കുമ്പോള്‍ പ്രൌസ്റ്റിന്റെ 'റിമെംബെറന്‍സ് ഓഫ് തിംഗ്‌സ് പാസ്റ്റ് ', ദസ്തയവ്‌സ്‌കിയുടെ 'നോട്‌സ് ഫ്രം ദി അന്‍ഡര്‍ഗ്രൗന്‍ഡ് ' എന്നീ ക്ലാസിക്കുകളുടെ സ്വാധീനം 'പെന്‍ഗ്വിനിന്റെ പാട്ടി'ല്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതു പ്രസക്തമാണ്. ഇതിവൃത്തത്തില്‍ കാര്യമായി ഒന്നും സംഭവിക്കുന്നില്ല എന്നതു ചെറിയ കാര്യങ്ങളെ അതീവ വിശദമായി പ്രതിപാദിക്കുന്ന ആഖ്യാനശൈലിയില്‍ കലാശിക്കുന്നു. പെന്‍ഗ്വിനിന്റെ ലൈംഗിക ഫാന്റസികളില്‍ പ്രകടമായിക്കാണുന്ന അതേ വൈശദ്യം മറ്റു ഭാഗങ്ങളിലും പ്രകടമാണ് എന്നത്, അധമ വികാരാവിഷ്‌കാരത്തിലല്ല നോവലിസ്റ്റിന്റെ ഊന്നല്‍ എന്നു വ്യക്തമാക്കുന്നു. പിതാവ് വാച്ച് നിര്‍മാണത്തിന്റെ മഹത്വത്തെ കുറിച്ചു മകനോടു വിശദമായി സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ഒരപ്രധാന കഥാപാത്രം മുഖ്യകഥാപാത്രത്തിന്റെ കണ്ണില്‍ എങ്ങനെ കാണപ്പെടുന്നു എന്നതിലേക്കും ഒരു കടലാസുതുണ്ടില്‍ വരച്ചുവച്ച ചിത്രങ്ങളുടെ വിശദാംശങ്ങളിലേക്കും ജനാലയില്‍നിന്നു നഗരക്കാഴ്ച കാണുന്നതിലേക്കും ഇതേ വിശദീകരണരീതി വ്യാപിക്കുന്നത് ഒന്നും ചെയ്യാനില്ലാത്ത കര്‍തൃത്വരാഹിത്യത്തിന്റെ ജീവിതാവസ്ഥയ്ക്കു മികച്ച രൂപകമായിത്തീരുന്നു. എന്നാല്‍ ഒപ്പം അതു പുസ്തകത്തിന്റെ വായന അത്രതന്നെ എളുപ്പമല്ലാത്ത ഒന്നാക്കി തീര്‍ക്കുന്നുമുണ്ട്.
ഓര്‍മകളുടെ രൂപത്തിലുള്ള പെന്‍ഗ്വിനിന്റെ ഏറ്റുപറച്ചിലില്‍ ചിലപ്പോള്‍ ശിഥിലമായും ചിലപ്പോള്‍ രേഖീയമായും മുന്നോട്ടുപോകുന്ന ആഖ്യാനത്തില്‍ എല്ലായിപ്പോഴും ഭാവി അനിശ്ചിതത്വത്തിലാണ്. ഒരൊറ്റ ഇടത്തില്‍ തറഞ്ഞിരിക്കുന്ന അവസ്ഥ അവരുടെ ജീവിതത്തിന്റെ ഭീകരമായ ഒറ്റപ്പെടലിനെ പ്രതിനിധാനം ചെയ്യുന്നു. ഈ മനുഷ്യര്‍ ചരിത്രം അനുഭവിച്ചവരാണ്; അതിന്റെ സാവധാനത്തിലുള്ള നീറ്റലായി, അനാഥത്വമായി, നിസഹായതയും വീര്‍പ്പുമുട്ടലുമായി, ഇരകളും ബലിമൃഗങ്ങളുമായി. അതിന്റെ ദുസ്വപ്‌നസമാനമായ സമ്മര്‍ദങ്ങള്‍ അവരെ വിഷണ്ണരും ഭാവനയുടെ മാദകസ്ഥലികളില്‍ അഭയം തേടുന്നവരും ആക്കുന്നുണ്ടാവാം. എന്നാല്‍ അവരെപ്പോഴും സ്വര്‍ഗനരകങ്ങള്‍ക്കപ്പുറത്തെ ആ ശുദ്ധീകരണ സ്ഥലിയിലാണ്(ുൗൃഴമീേൃ്യ): ജീവിതം കൈമോശം വന്നവര്‍, എന്നാല്‍ ഇനിയും മരിച്ചിട്ടില്ലാത്തവര്‍. ഭൂതകാലത്തിന്റെ പ്രേതങ്ങള്‍ ആവേശിക്കുന്ന ജീവിതങ്ങളും തകര്‍ന്ന കെട്ടിടങ്ങളും നിഴലിടുന്ന, തീരാത്ത മോഹങ്ങളും ഒടുങ്ങാത്ത ഏകാന്തതയും വേട്ടയാടുന്ന ഒരു കഥയാണ് 'പെന്‍ഗ്വിനിന്റെ പാട്ട് '. ഒരു ശിഥിലനഗരത്തിന്റെ ഏകാന്തതയും മടുപ്പും രാഷ്ട്രീയസംഭവങ്ങളുടെ നേരിട്ടുള്ള വിശദാംശങ്ങളോ ഏതെങ്കിലും നിര്‍ദിഷ്ട ചരിത്രഘട്ടത്തിന്റെ നിയാമകമായ സൂചനകളോ കൂടാതെത്തന്നെ ആവിഷ്‌കരിക്കാന്‍ കഴിയുന്നുവെന്നതാണ് ദാവൂദിന്റെ നോവലിന് സാര്‍വജനീനത നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."