സൗത്ത് ബീച്ച് നവീകരണം: അവസാനഘട്ട മിനുക്ക് പണിയില്‍
കോഴിക്കോട്: നഗരവാസികള്‍ക്കായി സൗത്ത് ബീച്ചിന്റെ സൗന്ദര്യം മിഴിതുറക്കുന്നു.
ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതി അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചു. സൗത്ത് കടല്‍പ്പാലത്തിന് തെക്കുഭാഗത്തുനിന്ന് 800 മീറ്ററോളം നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് മോടികൂട്ടല്‍. 330 മീറ്റര്‍ നീളത്തില്‍ കടലിനോടു ചേര്‍ന്ന് നിര്‍മിച്ച നടപ്പാതയാണ് മുഖ്യ ആകര്‍ഷണം.
കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന വൃത്താകൃതിയിലുള്ള നാല് വ്യൂ പോയിന്റുകള്‍, മഴയും വെയിലും ഏല്‍ക്കാതിരിക്കാനുള്ള ഷെല്‍ട്ടറുകള്‍, വിവിധ രൂപത്തിലുള്ള ഇരിപ്പിടങ്ങള്‍, കടലിലേക്കിറങ്ങാനുള്ള പടവുകള്‍ എന്നിവയാണ് നിര്‍മിച്ചിരിക്കുന്നത്. വലിയ ചുറ്റുമതിലും ഇതോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്. നടപ്പാതയില്‍ ഇന്റര്‍ലോക്കും ഇരിപ്പിടങ്ങളില്‍ ടൈല്‍സും പതിക്കുന്നതടക്കമുള്ള പണികള്‍ ഏകദേശം പൂര്‍ത്തിയായി.
പെയിന്റിങ് പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. മൂന്നു റെയിന്‍ ഷെല്‍റ്ററുകളുടെ പ്രവൃത്തിയും ഏകദേശം പൂര്‍ത്തിയായി. തുരുമ്പെടുക്കാത്ത സാമഗ്രികള്‍കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കാസ്റ്റ് അയണില്‍ തീര്‍ത്ത വിളക്കുകാലുകള്‍ സ്ഥാപിക്കല്‍, രണ്ട് ശുചിമുറികളുടെ നിര്‍മാണവും ഹാര്‍ബര്‍ എന്‍ജിനീയറിങ് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വൈദ്യുതീകരണ ജോലികളും നിലവില്‍ പുരോഗമിക്കുകയാണ്. ഒട്ടേറെ തടസങ്ങള്‍ക്കൊടുവിലാണ് സീക്വീന്‍ ഹോട്ടലിന് എതിര്‍വശത്തുനിന്ന് 385 മീറ്റര്‍ വരുന്നഭാഗത്തെ ജോലികള്‍ പൂര്‍ത്തിയാകുന്നത്.
ടൂറിസം വകുപ്പിനുവേണ്ടി തുറമുഖ വകുപ്പിന്റെ സ്ഥലത്താണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് പദ്ധതി നടപ്പാക്കുന്നത്. ജോലികള്‍ പൂര്‍ത്തിയായാല്‍ ഡി.ടി.പി.സിക്കു കൈമാറും. ടൂറിസം വകുപ്പ് 3.85 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ബീച്ചില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗത്ത് ബീച്ച്കൂടി നവീകരിക്കുന്നത് കൂടുതല്‍ നഗരവാസികള്‍ക്ക് വിനോദത്തിനുള്ള അവസരമൊരുക്കും. സൗന്ദര്യവല്‍ക്കരണം പത്തുമീറ്റര്‍ വരെ തുറമുഖവിഭാഗത്തിന്റെ സ്ഥലം ഉള്‍പ്പെടെ മൊത്തം 18 മീറ്ററോളം വീതിയിലാണ് സൗന്ദര്യവല്‍ക്കരണം.
പി.സി റഷീദ് അസോസ്യേറ്റ്‌സാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സീക്വീന്‍ ഹോട്ടലിന് എതിര്‍വശം മുതല്‍ തെക്കേ കടല്‍പ്പാലം വരെയുള്ള ഭാഗത്തായി സ്ഥാപിച്ച നാല് വ്യൂപോയിന്റുകളാണ് മുഖ്യആകര്‍ഷണം. രണ്ടുതട്ടുകളായാണ് ഇത്രയും ഭാഗത്ത് നടപ്പാത.
കോര്‍പറേഷന് മുന്നില്‍നിന്നുള്ള പൂട്ടുകട്ട പാകിയ നടപ്പാത സൗത്ത് ബീച്ച് വരെ ഇനി നീണ്ടുകിടക്കും എന്നത് ഇതിന്റെ പ്രത്യേകതയാണ്. ഒന്നില്‍ പൂട്ടുകട്ടകളും താഴത്തേതില്‍ തറയോടുകളുമാണു വിരിക്കുന്നത്.
നടപ്പാതകളില്‍നിന്നിറങ്ങി കൂടുതല്‍ കടലിനോടടുത്തുനിന്ന് കാഴ്ചയ്ക്കുള്ള സൗകര്യമാണ് വ്യൂ പോയിന്റുകളിലുള്ളത്. ഇതില്‍ അലങ്കാര വൃക്ഷങ്ങളും ഇരിക്കാനുള്ള സൗകര്യവുമുണ്ട്.
ഇവിടേക്കു വലിയങ്ങാടി ഭാഗത്തുനിന്നും പ്രവേശന കവാടമൊരുക്കുന്നുണ്ട്. ഇതോടൊപ്പം തെക്കേ കടല്‍പ്പാലത്തോടു ചേര്‍ന്ന് ബീച്ചില്‍ നിലവില്‍ അലങ്കോലമായിക്കിടക്കുന്ന ഭാഗവും നവീകരിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."