തൃക്കരിപ്പൂരില്‍ സബ് ട്രഷറി വരുമോ..?
തൃക്കരിപ്പൂര്‍: നിര്‍ത്തലാക്കിയ ഏകാംഗ ട്രഷറിക്കു പകരം തൃക്കരിപ്പൂരില്‍ സബ് ട്രഷറി സ്ഥാപിക്കുമെന്ന അധികൃതരുടെ ഉറപ്പ് ജലരേഖയായി. ഇക്കഴിഞ്ഞ ബജറ്റില്‍ ട്രഷറിയെ കുറിച്ച് ഒരു പരാമര്‍ശവുമില്ല. 2012 നവംബര്‍ 17നു തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് എംഗവേണന്‍സ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പ്രഖ്യാപനം നടത്തിയത്. ധനകാര്യ മന്ത്രിയുമായി ആലോചിച്ച് ഭരണ-പ്രതിപക്ഷ ഭേദമന്യേ ആവശ്യപ്പെട്ട കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2014 ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അന്നത്തെ തൃക്കരിപ്പൂര്‍ എം.എല്‍.എയായിരുന്ന കെ. കുഞ്ഞിരാമന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് അന്നത്തെ ധനകാര്യമന്ത്രി കെ.എം മാണി തൃക്കരിപ്പൂരില്‍ ട്രഷറി അനുവദിച്ച കാര്യം നിയമസഭയില്‍ പ്രഖ്യാപിച്ചത്.
സര്‍ക്കാറിനു ബാധ്യത വരാത്തവിധം സബ്ട്രഷറിക്കായി കെട്ടിട സൗകര്യം ഒരുക്കാമെന്ന് ഗ്രാമപ്പഞ്ചായത്ത് തീരുമാനമെടുക്കുകയും തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് നേരത്തേ ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അഞ്ചു വര്‍ഷത്തേക്കു നല്‍കാമെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരെത്തി നടപടി പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ട്രഷറി ആരംഭിക്കുന്ന തീരുമാനം മരവിപ്പിച്ചത്. ജില്ലയുടെ തെക്കെ അറ്റത്തുസ്ഥിതി ചെയ്യുന്ന തീരദേശപഞ്ചായത്തുകളായ പടന്ന, വലിയപറമ്പ, ചെറുവത്തൂര്‍, ചീമേനി, പിലിക്കോട് എന്നീ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരടക്കമുള്ള പൊതുജനങ്ങളുടെയും ഏറെ കാലത്തെ മുറവിളിക്കു ശേഷമാണ് തൃക്കരിപ്പൂരിനെ പ്രതിനിധീകരിച്ച് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ഏകാംഗ ട്രഷറിക്ക് തുടക്കം കുറിച്ചത്.
17 വര്‍ഷക്കാലം സേവനം നടത്തിയ ഈ സ്ഥാപനം ഇന്നു തൃക്കരിപ്പൂരിലില്ല. തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഏകാംഗ ട്രഷറി 2011 ഓഗസ്റ്റ് 24നാണ് അടച്ചുപൂട്ടിയത്.
മാസത്തില്‍ രണ്ടു ദിവസം ഇവിടെ ജീവനക്കാരെത്തുകയും പ്രായമായ ഇരുനൂറോളം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുകയും ചെയ്തിരുന്നു. പഞ്ചായത്ത് കെട്ടിടത്തില്‍ വാടക നല്‍കാതെയാണ് ഇതു പ്രവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."