ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐക്ക് വിടണം: മനുഷ്യാവകാശ കമ്മിഷന്‍ കുടുംബത്തിന് 10 ലക്ഷം നല്‍കണം
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിലെ യഥാര്‍ഥ പ്രതികളെ ദിവസങ്ങള്‍ക്കു ശേഷവും അറസ്റ്റ് ചെയ്യാനാവാതെ പ്രത്യേക അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തില്‍ കേസ് എത്രയും വേഗം സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.
ശ്രീജിത്തിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നും തുക ഈടാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.ശ്രീജിത്തിന്റെ ഭാര്യക്ക് എത്രയും വേഗം സര്‍ക്കാര്‍ ജോലി നല്‍കണം. ഭാര്യയും മൂന്നു വയസുള്ള പെണ്‍കുട്ടിയും വൃദ്ധ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന് നഷ്ടമായത് ഏക അത്താണിയാണ്. ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ സര്‍വിസില്‍ നിന്ന് നീക്കം ചെയ്യണമെന്നും കമ്മിഷന്‍ അവശ്യപ്പെട്ടു.
ശ്രീജിത്തിന് മര്‍ദനമേറ്റത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടില്‍ നടന്ന അടിപിടിക്കിടയിലാണെന്ന ആലുവ റൂറല്‍ എസ്.പിയുടെ പ്രസ്താവന ദുരൂഹമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. അന്വേഷണത്തിന് മുന്‍പ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത് എങ്ങനെയാണെന്ന് കമ്മിഷന്‍ ചോദിച്ചു. എസ്.പി യുടെ അറിവോടെയാണ് അദ്ദേഹത്തിന്റെ ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് കമ്മിഷന്‍ വിലയിരുത്തി.
വാസുദേവന്റെ മകന്‍ നല്‍കിയ മൊഴിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് വരാപ്പുഴ പൊലിസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീജിത്തിന്റെ ഭാര്യ തനിക്ക് നല്‍കിയ മൊഴിയില്‍ വാസുദേവന്റെ കുടുംബവുമായി ശ്രീജിത്തിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. വൈദ്യ പരിശോധനക്ക് ശേഷം ശ്രീജിത്തിനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാതെ പൊലിസ് സ്റ്റേഷനില്‍ കൊണ്ടുപോയത് ദുരൂഹമാണ്. ഇതു സംബന്ധിച്ച് പൊലിസ് പറയുന്ന കാരണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."