അറബ് ഉച്ചകോടിക്ക് സമാപനം: ഫലസ്തീന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് സല്‍മാന്‍ രാജാവ്
തെഹ്‌റാന്‍: അറബ് ലോകം നേരിടുന്ന സുരക്ഷാ വെല്ലുവിളികളില്‍ ആശങ്ക പ്രകടിപ്പിച്ചും ഫലസ്തീന്‍ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചും 29ാമത് അറബ് ഉച്ചകോടിക്ക് സമാപനം.
ഉച്ചകോടി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു. ഫലസ്തീനികള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്നത് ഫലസ്തീനികളുടെ അവകാശമാണ്. ജറൂസലം വിഷയത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ തങ്ങള്‍ നിരാകരിക്കുന്നതായും അദ്ദേഹം പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
ഇക്കാര്യത്തില്‍ അമേരിക്കക്കെതിരായ അന്താരാഷ്ട്ര സമവായത്തെ അഭിനന്ദിക്കുന്നു. കിഴക്കന്‍ ജറൂസലം ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നകാര്യം അറബ് ഉച്ചകോടി ആവര്‍ത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറില്‍ ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കാനും യു.എസ് എംബസി തെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോകത്താകമാനം പ്രതിഷേധം ശക്തമാവുകയുണ്ടായി.
തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യപ്രകാരം ചേര്‍ന്ന യു.എന്‍ പൊതുസഭ അമേരിക്കന്‍ തീരുമാനത്തെ വന്‍ ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് അമേരിക്കന്‍ അനുകൂല നിലപാടാണ് ഉള്ളതെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടയിലാണ് നിലപാട് വ്യക്തമാക്കി സല്‍മാന്‍ രാജാവ് രംഗത്തുവന്നിരിക്കുന്നത്.
ജറൂസലമിലെ ഇസ്‌ലാമിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിനായി 120 മില്യന്‍ യൂറോ സംഭാവന നല്‍കുമെന്നും സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.
ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഫണ്ടിലേക്കും സല്‍മാന്‍ രാജാവ് സഹായം പ്രഖ്യാപിച്ചു. സഊദി നഗരങ്ങള്‍ക്കെതിരേ ആക്രമണം നടത്താന്‍ യമനിലെ ഹൂതി വിമതര്‍ക്ക് മിസൈല്‍ വിതരണംചെയ്യുന്ന ഇറാന്റെ നടപടിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ഇതിനെതിരേ നിലപാട് സ്വീകരിച്ച യു.എന്‍ രക്ഷാസമിതിയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. തുടര്‍ന്ന് അറബ് ലീഗ് അധ്യക്ഷ സ്ഥാനം ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവില്‍നിന്ന് സല്‍മാന്‍ രാജാവ് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."