ഐ.എസ് കേസ്: നിമിഷാ ഫാത്തിമയുടെ മാതാവ് നല്കിയ ഹരജി പിന്‍വലിച്ചു
ന്യൂഡല്‍ഹി: കേരളത്തിലെ മതപരിവര്‍ത്തന വിഷയം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ നിമിഷാ ഫാത്തിമയുടെ മാതാവ് ബിന്ദു സമ്പത്ത് സുപ്രിംകോടതിയില്‍ നല്കിയ ഹരജി പിന്‍വലിച്ചു.
അഭിഭാഷകരായ ശ്യാംദിവാന്‍, ഐശ്വര്യ ഭാരതി എന്നിവര്‍ മുഖേന കഴിഞ്ഞ ഒക്ടോബറില്‍ നല്കിയ ഹരജിയാണ് കഴിഞ്ഞദിവസം പിന്‍വലിച്ചത്. കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തി ശരിയായ രീതിയില്‍ ഹരജി സമര്‍പ്പിക്കാനെന്ന പേരിലാണ് അഭിഭാഷകര്‍ മുഖേന അപേക്ഷ നല്‍കിയത്.
കൂടുതല്‍ തെളിവുകളും രേഖകളും ഉള്‍പ്പെടുത്തി കൃത്യമായി തയാറാക്കിയ ഹരജി സമര്‍പ്പിക്കുന്നതിന് തങ്ങളുടെ റിട്ട് ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ശ്യാം ദിവാന് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഹരജി പിന്‍വലിക്കാന്‍ കോടതി അനുവദിച്ചു.
മകളുടെ മതംമാറ്റം എന്‍.ഐ.എ അന്വേഷിക്കണമെന്നും ഹാദിയ കേസില്‍ കക്ഷിചേര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഒക്ടോബര്‍ എട്ടിന് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ഹാദിയ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് മുന്‍പാകെയാണ് ബിന്ദു ഹരജി നല്‍കിയിരുന്നത്. എന്നാല്‍, ഹാദിയ കേസില്‍ കക്ഷിചേരാന്‍ ഇവര്‍ക്ക് കോടതി അനുമതി നല്‍കിയിരുന്നില്ല. കേരളത്തിലെ മതപരിവര്‍ത്തനങ്ങള്‍ക്ക് വിദേശപണം എത്തുന്നുവെന്നാണ് ബിന്ദുവിന്റെ ആരോപണം. അതിനാല്‍ ഇതുസംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."