ഇന്ത്യയ്ക്ക് 'കാഷ്‌ലെസ് ' ആകാനാവില്ല: മോഹന്‍ ഭാഗവത്
മുംബൈ: ഇന്ത്യയ്ക്ക് ഒരിക്കലും പൂര്‍ണമായി 'കാഷ്‌ലെസ് ഇക്കോണമി'യാകാന്‍ സാധിക്കില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണു പണരഹിത സമ്പദ്‌വ്യവസ്ഥ. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തെ തള്ളിപ്പറയുക കൂടിയാണ് ആര്‍.എസ്.എസ് മേധാവി. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് (ബി.എസ്.ഇ) നടത്തിയ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവന.
സാങ്കേതികവിദ്യയിലും മറ്റും എത്ര വലിയ വിപ്ലവങ്ങള്‍ സംഭവിച്ചാലും ഇന്ത്യയ്ക്ക് ഒരിക്കലും പൂര്‍ണമായി കാഷ്‌ലെസ് ഇക്കോണമിയാകാന്‍ സാധിക്കില്ല. പണരഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക എന്നതു മികച്ച ആശയമാണ്. എന്നാല്‍ അതിനു ചില നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ പ്രതീക്ഷിക്കപ്പെടുന്ന ഗുണഫലങ്ങള്‍ പൂര്‍ണമായി നേടാനാകില്ല. ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും കാഷ്‌ലെസ് ആകാം. എന്നാല്‍ പൂര്‍ണമായി കാഷ്‌ലെസ് ആകാനാകില്ലെന്നും ഭാഗവത് പറഞ്ഞു. വ്യോമയാന മേഖലയെ, വിദേശ നിക്ഷേപങ്ങള്‍ പരിമിതപ്പെടുത്തി സംരക്ഷിച്ചുനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു ഉദാഹരണമാണ് ജര്‍മനി. കടംകയറിനില്‍ക്കുന്ന വിമാന കമ്പനിയെന്ന് എയര്‍ ഇന്ത്യയെ വിളിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറച്ചു ദശകങ്ങളായി നമ്മുടെ വളര്‍ച്ച പാശ്ചാത്യ മാതൃകകളെ ആശ്രയിച്ചാണ് അളക്കുന്നത്. ഈ മാതൃകകള്‍ക്കു ഗുരുതരമായ വീഴ്ചകളുണ്ട്. വളര്‍ച്ചയ്ക്കുള്ള ശരിയായ മാതൃക ഇന്ത്യ മുന്നോട്ടുവയ്ക്കണം. എല്ലാവരെയും ശക്തീകരിക്കണമെന്നതായിരിക്കണം ഇതിന്റെ അടിസ്ഥാനം, ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പങ്കെടുത്ത നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാറും സമ്പദ്‌വ്യവസ്ഥയെക്കുറിച്ചു സമാനമായ നിരീക്ഷണമാണു നടത്തിയത്. എല്ലാമടങ്ങിയ ഒരു വികസനമല്ല നടപ്പാക്കുന്നതെങ്കില്‍ ഇന്ത്യയുടെ വികസനം അര്‍ഥമില്ലാത്തതാകും. ആശങ്കകള്‍ മാറ്റിവച്ചാല്‍ ഇന്ത്യ ഇപ്പോള്‍ വികസന കുതിപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."