ഹര്ത്താലിനുപിന്നില് കലക്കവെള്ളത്തില്‍ മീന്പിടിക്കുന്നവര്: കുഞ്ഞാലിക്കുട്ടി
കൊച്ചി: കത്വ സംഭവത്തില്‍ മതേതര ഇന്ത്യ ഒന്നിച്ചു നില്ക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍ ഈ സംഭവങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് മുസ്ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ന്യൂനപക്ഷഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നോക്കുന്ന ആളുകളാണ് ഇതിന് പിന്നില്‍.
ഹര്‍ത്താലിന്റെ മറവില്‍ അക്രമണങ്ങളുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. ഒരുമിച്ചുനിന്ന് സംഘ്പരിവാറിന്റെ വാഴ്ചയില്‍നിന്ന് മോചനം നേടാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കിയാല്‍ ആര്‍ക്കാണോ ലാഭം അവരാണ് ഈ സംഭവങ്ങള്‍ക്ക് പിന്നില്‍. ആരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് തീര്‍ച്ചയായും അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കത്വ-ഉന്നാവോ സംഭവങ്ങള്‍ കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം അവസാനിപ്പിക്കുന്നതിനുള്ള തീനാളമായി മാറുമെന്നും കശ്മിരിലും ഉത്തരേന്ത്യയിലുമുണ്ടായ സംഭവങ്ങള്‍ക്ക് ബി.ജെ.പി വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള ലീഗ് സംഘം അവിടേക്ക് പോയിട്ടുണ്ട്. തുടര്കാര്യങ്ങളെക്കുറിച്ച് യു.പി.എയിലും യു.പി.എ കൂടിയാലോചനാ സമിതിയിലും ചര്‍ച്ച ചെയ്യും. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തിലും ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."