ലൈറ്റ് ഓഫ് മദീന
ചെറുവത്തൂര്‍: കേരളത്തിനകത്തും പുറത്തും നിന്നുമുള്ള അയ്യായിരത്തിലധികം മഹല്ലുകളില്‍ നിന്നായി ഇരുപതിനായിരത്തിലധികം മഹല്ല് പ്രതിനിധികള്‍ ലൈറ്റ് ഓഫ് മദീനയില്‍ പങ്കെടുക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ മഹല്ല് ഭാരവാഹികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്.
മഹല്ല് ഭാരവാഹികളും പൊതു ജനങ്ങളും പങ്കെടുക്കുന്ന ലൈറ്റ് ഓഫ് മദീനയുടെ ഉദ്ഘാടനം ഏപ്രില്‍ 20 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സ്റ്റേറ്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ആമുഖ ഭാഷണം നടത്തും.
ഏപ്രില്‍ 21 ശനിയാഴ്ച വൈകു. 7 മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മജ്‌ലിസുന്നൂര്‍ സ്റ്റേറ്റ് അമീര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
ഏപ്രില്‍ 22 ഞായറാഴ്ച വൈകു. 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
ഏഴ് മെയിന്‍ പവലിയനുകള്‍ക്കൊപ്പം രണ്ട് സബ് പവലിയനുകളും ലൈറ്റ് ഓഫ് മദീനയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ശിശു വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ നല്‍കുന്ന പ്രീ സ്‌കൂള്‍, പ്രാക്ടിക്കല്‍ ലാബ് അടക്കമുള്ള മികച്ച മദ്‌റസയുടെ മാതൃക, പലിശ രഹിത സംവിധാനമടക്കം പരിചയപ്പെടുന്ന സാമ്പത്തിക പവലിയന്‍, ട്രെന്റും, അസ്മിയും മത ഭൗതിക സമന്വയ സംവിധാനമടക്കം അടുത്തറിയാന്‍ വിദ്യാഭ്യാസ ലോകം എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രീമാരിറ്റല്‍ കൗണ്‍സിലിങ്, പാരന്റിങ്, കൗമാര കൗണ്‍സിലിങ് അടക്കം നേരിട്ട് മനസിലാക്കാനായി സാമൂഹിക പവലിയന്‍, സ്വദേശി, വിദേശി ദര്‍സ് അടക്കമുള്ള എസ്.എം.എഫ് പദ്ധതികളെ അടുത്തറിയുന്ന മസ്ജിദ്, മഹല്ല് സോഫ്റ്റ്‌വെയര്‍, വെബ്‌സൈറ്റ്, രജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ അടുത്തറിയുന്ന സമ്പൂര്‍ണ മഹല്ല് എന്നീ പവലിയനുകളും ലൈറ്റ് ഓഫ് മദീനയിലുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, ചെര്‍ക്കളം അബ്ദുല്ല, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, മെട്രോ മുഹമ്മദ് ഹാജി, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, എം.സി ഇബ്‌റാഹീം ഹാജി, കെ.ശുക്കൂര്‍ ഹാജി, ലതീഫ് നീലഗിരി, എം.എ നാസര്‍, എസ്.കെ ഹംസ ഹാജി, മുനീര്‍ ഹുദവി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."