ബി.ജെ.പിക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം- യെച്ചൂരി
ഹൈദരബാദ്: ബി.ജെ.പിയെ തോല്‍പിക്കാന്‍ എല്ലാ മതേതരശക്തികളും ഒന്നിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഹൈദരബാദില്‍ നടക്കുന്ന 22 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ തോല്‍പിക്കുകയാണ് പ്രധാന ലക്ഷ്യം. അതിന് എല്ലാ ജനാധിപത്യശക്തികളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുള്ള വഴി 22 ാം പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'ഗോരക്ഷ ഗുണ്ടകള്‍ നിയമം കയ്യിലെടുക്കുകയാണ്. ബി.ജെ.പി ഭരണത്തില്‍ ജനാധിപത്യം ഭീഷണിനേരിടുന്നു. രാജ്യത്ത് നില്‍ക്കുന്നത് ലജ്ജാകരമായ സാഹചര്യം. ഇന്ത്യാ ചരിത്രം ഹിന്ദുത്വ അജണ്ടയ്ക്കനുസരിച്ച് തിരുത്തുന്നു'- യെച്ചൂരി പറഞ്ഞു.
മതേതരശക്തികളുടെ യോജിപ്പ് ആവശ്യമാണെന്ന് ആവര്‍ത്തിച്ച യെച്ചൂരി കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിച്ചില്ല.
കരട് രാഷ്ട്രീയ പ്രമേയം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്ന് വൈകിട്ട് അവതരിപ്പിക്കും. അതിന് ശേഷം നേരത്തെ കേന്ദ്രകമ്മിറ്റി തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് സഹകരണത്തിന് നിര്‍ദേശിക്കുന്ന ബദല്‍ രേഖ യെച്ചൂരി അവതരിപ്പിക്കും.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന് ഇതാദ്യമായാണ് ഒരു ബദല്‍ വരുന്നത്. യെച്ചൂരിയുടെ ബദല്‍ രേഖ അവതരിപ്പിച്ച ശേഷം വിവിധ സംസ്ഥാന ഘടകങ്ങള്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."