ഭൂഗര്‍ഭ കണികാ പരീക്ഷണശാല; മലയോര ജനത ഭീതിയില്‍
കട്ടപ്പന: കണികാ പരീക്ഷണശാലയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി വീശിയതോടെ മലയോര ജനത ഭീതിയിലായി. കേരള-തമിഴ്‌നാട് അതിര്‍ത്തിക്കരികെ തേനി പൊട്ടിപ്പുറത്ത് കണികാ പരീക്ഷണശാലയുടെ നിര്‍മാണം ആരംഭിക്കുന്നതിനു നീക്കം ശക്തമായി. പരീക്ഷണശാല സ്ഥാപിക്കുന്നതിനു മുന്നോടിയായി മേഖലയുടെ സംരക്ഷണം തമിഴ്‌നാട് പൊലിസ് ഏറ്റെടുത്തു. പൊട്ടിപ്പുറം മലനിര വേലികെട്ടി തിരിച്ചതോടെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍തന്നെ ആരംഭിക്കുമെന്നാണ് വിവരം.
കഴിഞ്ഞ മാസമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയത്. മലനിര വേലികെട്ടിത്തിരിച്ച് ജനങ്ങള്‍ക്കുള്ള പ്രവേശനവും നിരോധിച്ചിരിക്കുകയാണ്. കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ ഭൂഗര്‍ഭ പരീക്ഷണ ശാലയെത്തുന്നതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നത്. തേനിയിലെ സംരക്ഷിത വനമേഖലയായ ബോഡി വെസ്റ്റ് മലനിരകള്‍ക്കടിയില്‍ 1300 മീറ്റര്‍ ആഴത്തിലാണ് പരീക്ഷണശാല നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. തേനിയിലെ കണികാ പരീക്ഷണപദ്ധതി കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രദേശങ്ങളില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആശങ്ക.
മലനിരയ്ക്കുള്ളില്‍ രണ്ടര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പരീക്ഷണശാല നിര്‍മിക്കുന്നത്. പരീക്ഷണശാല നിര്‍മാണത്തിനെതിരെ തമിഴ്‌നാട് കമ്പത്ത് എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തിയിരുന്നു. തേനി ജില്ലയ്ക്കടുത്തുള്ള പ്രദേശങ്ങള്‍ ഭൂകമ്പ സാധ്യതയുള്ള മേഖലയായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.
ഈ മേഖലകളില്‍ ഭൂഗര്‍ഭ തുരങ്കം നിര്‍മിക്കുന്നതും അതിനായി എട്ടുലക്ഷം ചതുരശ്ര അടിയോളം പാറ പൊട്ടിക്കുന്നതും പരിസ്ഥിതിയെ ഏതു തരത്തിലാണ് ബാധിക്കുകയെന്നതു പ്രവചനാതീതമാണ്.അതോടൊപ്പം ഇവയ്ക്കടുത്തു സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍ അടക്കമുള്ള 16 അണക്കെട്ടുകള്‍ അപകടത്തിലാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കണികാ പരീക്ഷണശാലയ്ക്ക് ആദ്യം കണ്ടെത്തിയ സ്ഥലം നീലഗിരിയിലെ സിങ്കാര കുന്നുകളായിരുന്നു.
എന്നാല്‍ അതു മുതുമല കടുവാ സങ്കേതത്തില്‍പ്പെട്ട സ്ഥലമായതുകൊണ്ടു വിവാദമായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയില്ല. ഏറ്റവുമൊടുവിലാണ് തേനിയിലെ പൊട്ടിപ്പുറത്തിനു നറുക്കു വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."