കുടുംബശ്രീക്ക് വിഷു ചന്തകളിലൂടെ 32 ലക്ഷത്തോളം രൂപയുടെ വിറ്റു വരവ്
പാലക്കാട്: വിഷു ആഘോഷം വിഷരഹിതമാക്കാന്‍ നാടന്‍ പച്ചക്കറിയുടെ വിപുലമായ വിപണിയൊരുക്കിയ കുടുംബശ്രീയുടെ ഇടപെടലിനു വലിയ സ്വീകാര്യത ലഭിച്ചു. പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് 10 ശതമാനം കൂടുതല്‍ വിലയ്ക്ക് സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വിലക്കുറവിലാണ് വില്‍പന നടത്തിയത്. കുടുംബശ്രീയും കാര്‍ഷിക വികസനക്ഷേമ വകുപ്പും സംയുക്തമായി പാലക്കാട് ജില്ലയില്‍ 30 ഓളം വിഷുക്കണി വിപണികള്‍ സംഘടിപ്പിച്ചു. വിഷുക്കണി 2018 എന്ന പേരിലാണ് കുടുംബശ്രീയും കാര്‍ഷിക വകുപ്പും സംയുക്തമായി ചന്തകള്‍ നടത്തിയത്. കുടുംബശ്രീ സി.ഡി.എസ്‌കളുടെ തനത് ആഭിമുഖ്യത്തിലും ജില്ലയില്‍ നിരവധി വിഷു വിപണികള്‍ ഒരുക്കിയിരുന്നു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 70 ഓളം വിഷു ചന്തകളാണ് ജില്ലയിലൊരുക്കിയത്. ഏപ്രില്‍13,14,15 ദിവസങ്ങളില്‍ നടന്ന ചന്തകളുടെ ഭാഗമായി ആകെ 32 ലക്ഷത്തോളം രൂപയുടെ വിറ്റു വരവാണ് ഉണ്ടായത്. ഓരോ പഞ്ചായത്തിലും കുടുംബശ്രീയെ കൂടാതെ ക്ലബ്ബുകള്‍, പ്രാദേശിക പരമ്പരാഗത കര്‍ഷകര്‍ എന്നിവര്‍ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറി വന്‍ തോതില്‍ വിപണിയിലെത്തിക്കാന്‍ കുടുംബശ്രീ വിഷു വിപണികള്‍ക്ക് സാധിച്ചു. പച്ചക്കറിക്കും പഴങ്ങള്‍ക്കും പുറമെ കുടുംബശ്രീ യൂണിറ്റുകളുടെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും ചന്തകളില്‍ ലഭ്യമാക്കിയിരുന്നു.സ്ത്രീകള്‍ തന്നെയായിരുന്നു കുടുംബശ്രീ വിപണിയുടെ പ്രധാന ഉപഭോക്താക്കള്‍. ചില ചന്തകളില്‍ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും കൂടി വില്പനയ്ക്കായി ഒരുക്കിയിരുന്നു. വിളകള്‍ക്ക് നല്ല വില ലഭിച്ചത് കര്‍ഷകര്‍ക്കും വലിയ ആശ്വാസമായി. പഞ്ചായത്ത് ഭരണസമിതികളുടെയും കര്‍ഷക കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് വിഷു ചന്തകള്‍ വലിയ വിജയമായത്. പൊതു വിപണിയില്‍ പച്ചക്കറി വില ഉയരാതെ പിടിച്ചു നിര്‍ത്തുന്നതില്‍ കുടുംബശ്രീയുടെ ഇടപെടല്‍ വലിയ പങ്ക് വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."