പരിസ്ഥിതി സംരക്ഷണത്തിന് വിപുലമായ പരിപാടികളുമായി സി.പി.എം
കണ്ണൂര്‍: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പ്രകൃതി സംരക്ഷകരാവുക എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ഏകദിന ശില്‍പശാല മെയ് ഏഴിന് രാവിലെ 10ന് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ ഡോ. കെ.എന്‍ ഗണേഷ് ഉദ്ഘാടനം ചെയ്യും. മൊയ്യാരത്ത് ശങ്കരന്‍ രക്തസാക്ഷി ദിനമായ മെയ് 13ന് പുഴയറിയാന്‍ യാത്ര സംഘടിപ്പിക്കും. മയ്യഴി, വളപട്ടണം, പെരുമ്പ, കുപ്പം പുഴകളും തോടുകള്‍, നീര്‍ച്ചാലുകള്‍ എന്നിവയും കാവുകള്‍ സംരക്ഷിക്കാനുള്ള നടപടികളും ഉണ്ടാകും. 'കണ്ണൂരിനൊരു ഹരിത കവചം' എന്ന മുദ്രാവാക്യമുയര്‍ത്തി ജൂണ്‍ അഞ്ചിന് ജില്ലയില്‍ ഒരു ലക്ഷം ഫലവൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കും. ഇവ സംരക്ഷിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനാവശ്യമായ തൈകള്‍ ജില്ലയിലെ 18 ഏരിയകളില്‍ നഴ്‌സറികള്‍ തയാറാക്കും. മെയ് 10ന് മുന്‍പായി ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിത്തുകള്‍ ശേഖരിക്കും. ജില്ലയിലെ പുഴയോരങ്ങളില്‍ കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിക്കും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഏപ്രില്‍ 26ന് വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ എന്‍.ജി.ഒ യൂനിയന്‍ ഹാളില്‍ ചേരുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."