കരിയാട് സിഗ്‌നല്‍ കണ്ണടച്ചിട്ട് ഒരാണ്ട്; ദുരന്തം കാത്ത് അധികൃതര്‍
നെടുമ്പാശ്ശേരി: ആലുവ അങ്കമാലി ദേശീയപാതയില്‍ ഏറ്റവും വലിയ അപകടമേഖലയായ കരിയാട് ട്രാഫിക് സിഗ്‌നല്‍ പ്രവര്‍ത്തന രഹിതമായിട്ട് ഒരു വര്‍ഷം. ഇത് പുനസ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അപകടങ്ങള്‍ നിത്യസംഭവമായതോടെ ദേശീയ പാതയില്‍ അങ്കമാലിക്കും ആലുവക്കും ഇടയില്‍ ഏറ്റവും വലിയ അപകട സ്ഥലം എന്ന നിലയിലേക്ക് കരിയാട് മാറി. അപകടങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയപാത അധികൃതരും പൊലിസും പല നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ ഇവിടെ അപകടങ്ങള്‍ മാത്രം കുറഞ്ഞില്ല.
ഈ ഭാഗത്ത് വച്ചുണ്ടായ അപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. പിന്നീട് നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരമാണ് ഇവിടെ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. ഇതേ തുടര്‍ന്ന് അപകടങ്ങളും വളരെയേറെ കുറഞ്ഞിരുന്നു.
അങ്കമാലി ഭാഗത്ത് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ ദേശീയ പാതയില്‍ നിന്നും തിരിയുന്നത് കരിയാട് ജങ്ഷനില്‍ നിന്നാണ്. ഈ ജങ്ഷനില്‍ നിന്നും ഏകദേശം 150 മീറ്റര്‍ വടക്ക് മാറിയാണ് ദേശീയപാതയിലെ രണ്ട് കൊടുംവളവുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നിരുന്നതും ജീവഹാനി സംഭവിച്ചിരുന്നതും. രണ്ടാഴ്ച്ച മുന്‍പും ഈ ഭാഗത്തുണ്ടായ അപകടത്തില്‍ ഒരു യുവാവ് മരണമടഞ്ഞിരുന്നു. ദേശീയപാതയിലെ 'ദുരന്ത വളവ് ' എന്നാണ് ഇതിനെ അറിയപ്പെടുന്നത്. അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുകയാണ് ചെയ്തിരുന്നത്. എന്നാല്‍ കരിയാട് ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ച ശേഷം സിഗ്‌നലില്‍ നിര്‍ത്തി വാഹനങ്ങള്‍ മുന്നോട്ടെടുക്കുന്നത് മൂലം പൊതുവെ വേഗത കുറവായിരിക്കും.
ഇതോടെയാണ് അപകടങ്ങളും കുറഞ്ഞത്. ഇവിടെ ഇടക്ക് സിഗ്‌നല്‍ ലൈറ്റുകള്‍ തകരാറിലാകുന്നത് പതിവാണെങ്കിലും കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ലൈറ്റുകള്‍ പൂര്‍ണമായും അണഞ്ഞത്. തകരാറിലായ സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാല്‍ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതിയും പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മഴക്കാലം ആരംഭിക്കുന്നതോടെ ഇവിടെ അപകട സാധ്യതയും വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."