നബാര്‍ഡ് നിര്‍ദേശം അപ്രായോഗികമെന്ന് ജില്ലാ പഞ്ചായത്ത്
സ്വന്തം ലേഖകന്‍
കാസര്‍കോട്: നബാര്‍ഡിന്റെ സഹായത്തോടെ അഞ്ചു കോടി രൂപ ചെലവഴിച്ചുള്ള വന്‍കിട പദ്ധതികള്‍ക്കുള്ള നിര്‍ദേശം കാസര്‍കോട് ജില്ലാ പഞ്ചായത്തിനെ സംബന്ധിച്ച് അപ്രായോഗികമാണെന്ന് ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം വിലയിരുത്തി. നബാര്‍ഡ് സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയില്‍ ചെറുകിട പദ്ധതികള്‍ക്കും പരിഗണന നല്‍കണമെന്ന് നബാര്‍ഡിനോട് ആവശ്യപ്പെടുവാനും യോഗം തീരുമാനിച്ചു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ നബാര്‍ഡ് സാമ്പത്തിക സഹായത്തോടെ വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികളുടെ റിപ്പോര്‍ട്ട് വേണമെന്ന് നബാര്‍ഡ് പ്രൊജക്ട് ഡയരക്ടര്‍ ജില്ലാ പഞ്ചായത്തിനു നല്‍കിയ കത്ത് ചര്‍ച്ച ചെയ്തപ്പോഴാണ് നബാര്‍ഡിന്റെ നിര്‍ദേശം അപ്രായോഗികമെന്ന് യോഗം വിലയിരുത്തിയത്. ഗ്രാമീണ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് പദ്ധതി ഉപയോഗിക്കേണ്ടതെന്നും അഞ്ചു കോടിക്കു മുകളിലുള്ള പദ്ധതികളാണ് പരിഗണനക്കായി സമര്‍പ്പിക്കേണ്ടതെന്നും നബാര്‍ഡ് പ്രൊജക്ട് ഡയരക്ടര്‍ നല്‍കിയ കത്തിലുണ്ടായിരുന്നു. പദ്ധതി അടങ്കല്‍ തുകയുടെ 80 മുതല്‍ 95 ശതമാനം വരെ നബാര്‍ഡ് വായ്പയായി അനുവദിക്കും. അഞ്ചു മുതല്‍ 25 ശതമാനം വരെ ജില്ലാ പഞ്ചായത്ത് കണ്ടെത്തണം.
എന്നാല്‍ ഇത്രയും തുക ചെലവഴിച്ചു പദ്ധതി നടപ്പാക്കുന്നത് ജില്ലാ പഞ്ചായത്തിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഗ്രാമീണ മേഖലകളില്‍ ഇത്രയും വലിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത് ബുദ്ധിമുട്ടാവുമെന്നും സി.പി.എം അംഗം ജോസ് പതാലില്‍ അഭിപ്രായപ്പെട്ടു.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഗ്രാമീണ മേഖലകളില്‍ ചെക്ക് ഡാം അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കിയാല്‍ തന്നെ അഞ്ചുകോടി രൂപയുടെ പദ്ധതി നടപ്പാക്കുക പ്രായോഗികമല്ലെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നാണു നിലവിലെ അഞ്ചുകോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്തിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചെറുകിട പദ്ധതികള്‍ക്കായി നബാര്‍ഡ് സഹായത്തില്‍ മാറ്റം വരുത്തണമെന്നും കാണിച്ച് നബാര്‍ഡിനു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചത്.
ജില്ലാതല ഭാഷാ ഏകോപന സമിതിയിലേക്കു ശാന്തമ്മാ ഫിലിപ്പിനെയും ഇ. പത്മാവതിയെയും ഉള്‍പ്പെടുത്തുന്നതിനു യോഗം കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. സമിതിയിലേക്കു കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ കഴിയുമെങ്കില്‍ ഫരീദാ സക്കീറിനെയും പുഷ്പ അമേക്കളയെയും ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കാമെന്നും പ്രസിഡന്റ് എ.ജി.സി ബഷീര്‍ യോഗത്തെ അറിയിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. ജോസ് പതാലില്‍, ശാന്തമ്മാ ഫിലിപ്പ്, ഫരീദ സക്കീര്‍, എ.പി ഉഷ, അഡ്വ. ശ്രീകാന്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."