ഔഷധ സസ്യങ്ങള്‍ക്ക് 'അമ്മത്തൊട്ടിലു'മായി മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം
കൊടകര: കേരളത്തില്‍ ആദ്യമായി ഔഷധ സസ്യങ്ങള്‍ക്ക് മാത്രമായി ഒരു നഴ്‌സറി ഒരുങ്ങുന്നു. കാര്‍ഷിക രംഗത്ത് പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വിജയം കൊയ്ത പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂര്‍ മൂന്നുമുറി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘമാണ് ആയുര്‍വേദ ഔഷധ സസ്യങ്ങള്‍ക്ക് മാത്രമായി ഒരു അമ്മ തോട്ടില്‍ ഒരുക്കുന്നത്.
പ്രതിവര്‍ഷം 12 ലക്ഷം വിവിധ ഔഷധ സസ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ ഓരില, കച്ചോലം, മൂവില, കുറുംതോട്ടി, അശോകം, ഇരുവേലി, കൂവളം സസ്യങ്ങളാണ് ഉല്‍പാദിപ്പിക്കുന്നത്. ദേശീയ ഔഷധ സസ്യ ബോര്‍ഡിന്റെ റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ ആയ കേരള ഫോറസ്റ്റ് റിസേര്‍ച് ഇന്‍സ്റ്റിട്ടിന്റെ കീഴില്‍ ഗുണമേന്മയുള്ള ഔഷധ സസ്യങ്ങള്‍ ഉല്‍പാദിപ്പിച്ച് കേരളത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുന്ന പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായാണ് ലേബര്‍ സഹകരണ സംഘം നഴ്‌സറി ആരംഭിക്കുന്നത്.
ഔഷധ സസ്യങ്ങളുടെ ഉല്‍പാദനത്തില്‍ ഇതിനകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ലേബര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ തന്നെയാണ് നഴ്‌സറി നിര്‍മാണവും തൈകളുടെ ഉല്‍പാദനവും നടക്കുന്നത്. കേരള വന ഗവേഷണ കേന്ദ്രം സാങ്കേതിക സഹായം നല്‍കും.
നഴ്‌സറിയില്‍ ഔഷധ സസ്യങ്ങളുടെ ഉല്‍പാദനം ആരംഭിക്കുന്നതോടെ ഇന്ത്യയില്‍ തന്നെ ആദ്യമായി കുറുംതോട്ടി തൈകള്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥാപനം എന്ന ഖ്യാതി ലേബര്‍ സഹകരണ സംഘത്തിന് സ്വന്തമാവും. സിഡാ അല്‍നിഫോളിയ ഇനത്തില്‍ പെട്ട കുറുന്തോട്ടിയാണ് ഇവര്‍ ഉല്‍പാദിപ്പിക്കുന്നത്. ഗുണമേന്മയുള്ള ഔഷധ സസ്യങ്ങളുടെ ദൗര്‍ലഭ്യമാണ് ആയുര്‍വേദ ഔഷധ നിര്‍മാണ രംഗം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. ഇതിനെ മറികടക്കാന്‍ കൂടിയാണ് സംസ്ഥാനത്തെ ഔഷധ സസ്യ ബോര്‍ഡ് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. പദ്ധതി നിര്‍വഹണത്തിനായി മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്നുമുറിയില്‍ തന്നെ ഒരേക്കറോളം സ്ഥലം സംഘം ദീര്‍ഘ കാല പാട്ടത്തിന് കരാറാക്കി കഴിഞ്ഞു. ജൂണ്‍ ജൂലൈ മാസത്തോടെ നാല് ലക്ഷം കുറുന്തോട്ടി തൈകള്‍ ഇവിടെ ഉല്‍പാദിപ്പിക്കുമെന്ന് സംഘം പ്രസിഡന്റ് എ.കെ സുകുമാരന്‍, സെക്രട്ടറി കെ.പി പ്രശാന്ത് പറഞ്ഞു. മെയ് പകുതിക്കു മുമ്പായി നഴ്‌സറിയുടെ ഉദ്ഘാടനം സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."