സര്‍ക്കാര്‍ ഓഫിസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മുതല്‍ ഗ്രാമതലങ്ങള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കാന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കും.
ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആര്‍. അജയകുമാര്‍ വര്‍മ കര്‍മപദ്ധതി അവതരിപ്പിച്ചു. എല്ലാ ഓഫിസിലും ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി രൂപീകരിച്ച് നോഡല്‍ ഓഫിസറെ നിയോഗിക്കും. എല്ലാ പൊതുചടങ്ങുകളിലും പ്രചാരണങ്ങള്‍ക്കും തുണി ബാനറുകളും ബോര്‍ഡുകളും മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണം.
പുനരുപയോഗിക്കാവുന്ന പാത്രങ്ങളില്‍ മാത്രമേ ആഹാരം കൊണ്ടുവരാവൂവെന്ന് മേധാവികള്‍ ജീവനക്കാരോട് നിര്‍ദേശിക്കണം. മെയ് 15നകം ഓഫിസുകളില്‍ പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധിക്കുകയും ഓഫിസിലുണ്ടാകുന്ന ജൈവമാലിന്യങ്ങളുടെ തോതനുസരിച്ചുള്ള കമ്പോസ്റ്റ് ഉപാധികള്‍ സ്ഥാപിക്കുകയും കമ്പോസ്റ്റിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യണം.
സ്റ്റീല്‍, പോര്‍സലൈന്‍ കപ്പുകളും പ്ലേറ്റുകളും വാങ്ങുക, നിശ്ചിത ഇടവേളകളില്‍ അജൈവ പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ തദ്ദേശ സ്ഥാപനവുമായോ പാഴ്‌വസ്തു വ്യാപാരികളുമായോ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയിലെത്തുക, ടോയ്‌ലറ്റുകള്‍ സ്ത്രീ സൗഹൃദമാക്കുക, ടോയ്‌ലറ്റുകളില്‍ വെള്ളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കുക തുടങ്ങിയ നടപടികള്‍ മെയ് 31നകം സ്വീകരിക്കണമെന്നും കര്‍മപദ്ധതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."