ചില്ലറ വില്‍പ്പനക്കായി ആഗോള പെട്രോളിയം കമ്പനികള്‍ ഇന്ത്യയിലേക്ക്
ദമ്മാം: ലോകത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ സഊദി അരാംകോ ഇന്ത്യയിലേക്ക് ചില്ലറ വില്‍പ്പനക്കായി കടന്നുവരുന്നു. ഇന്ത്യന്‍ ഭരണ കൂടത്തിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് ആഗോള കമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ധന ഉപഭോഗത്തില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നതാണ് ഇത്തരം കമ്പനികളെ രാജ്യത്തേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ചില്ലറ വില്‍പ്പനക്കായി സഊദി അരാംകോക്ക് പുറമെ ആഗോള എണ്ണ കമ്പനികളായ ടോട്ടല്‍, ബ്രിട്ടീഷ് പെട്രോളിയം കമ്പനിയായ ബി.പി എന്നിവയും ഇന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര എനര്‍ജി ഏജന്‍സികള്‍ വ്യക്തമാക്കി.
ആഗോള എണ്ണ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണി വന്‍ ആദായം നേടിക്കൊടുക്കുമെന്ന കണക്കു കൂട്ടലാണ് ഇത്തരം കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കാരണം. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ ലോകാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിച്ച രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. മാത്രമല്ല, എണ്ണ ഉപഭോഗത്തില്‍ ലോകത്തില്‍ അഞ്ചാം സ്ഥാനവും ഇന്ത്യക്കാണ്. ഇതൊക്കെയാണ് ആഗോള എണ്ണ കമ്പനികളെ ഇന്ത്യന്‍ അഭ്യന്തര വിപണി ആകര്‍ഷിക്കാന്‍ കാരണം.
ഇന്ത്യയിലേക്ക് കടന്നുവരുന്ന പ്രധാന എണ്ണ കമ്പനിയായ സഊദി അരാംകോയ്ക്ക് ഇന്ത്യ കൂടാതെ ചൈന, ഇന്തോനേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇന്ത്യയിലെ പ്രമുഖ പെട്രോളിയം കമ്പനികളുമായി കരാറിലേര്‍പ്പെടാന്‍ സഊദി അരാംകോ നേരത്തെ തന്നെ തയ്യാറായിരുന്നു. കൂടാതെ ഫ്രഞ്ച് കമ്പനിയായ ടോട്ടലും യൂറോപ്യന്‍ കമ്പനിയായ റോയല്‍ ഡച് ഷെല്ലും വിപുലമായ പദ്ധതികളോടെ ഇന്ത്യന്‍ വിപണി കയ്യടക്കാന്‍ പദ്ധതി ഒരുക്കി കഴിഞ്ഞു. സഊദി അരാംകോ, ടോട്ടല്‍, ബ്രിട്ടീഷ് പെട്രോളിയം എന്നീ കമ്പനികള്‍ ഇതിനായി ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു.
സഊദി അരാംകോയടക്കം ഇത്തരം കമ്പനികള്‍ക്കുള്ള സഹായങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. എണ്ണ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ കുത്തക കമ്പനികള്‍ക്ക് ഇന്ത്യന്‍ എണ്ണ വിപണി വന്‍ ലാഭം ഉണ്ടാക്കി കൊടുക്കുന്ന രാജ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്നത് സഊദി അരാംകോയാണ്. ഇന്ത്യയുടെ എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും നല്‍കുന്നത് സഊദിയാണ്. മാര്‍ച്ച് ഒടുവിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 56,190 പെട്രോള്‍ ബങ്കുകളാണുള്ളത് ഇതില്‍ 52,604 എണ്ണവും പൊതുമേഖല കമ്പനികളായ ഒ.ഐ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നീ കമ്പനികള്‍ക്ക് കീഴിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."